
കവരത്തി: ലക്ഷദ്വീപിലെ ജനവാസമില്ലാത്ത സുഹേലി ദ്വീപിന് സമീപം ഔദ്യോഗിക പട്രോളിങ്ങിനിടെ പൊലീസ് ബോട്ട് ശക്തമായ തിരമാലയിലും കടൽച്ചുഴിയിലും പെട്ട് അപകടത്തിൽപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന മൂന്ന് ലക്ഷദ്വീപ് പൊലീസ് ഉദ്യോഗസ്ഥരിൽ രണ്ട് പേരെ കാണാതായി. അപകടത്തിൽപ്പെട്ട അമിനി ദ്വീപ് സ്വദേശിയായ ഉമ്മർ ഫാറൂഖ് എന്ന പൊലീസുകാരൻ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു. ആന്ത്രോത്ത് ദ്വീപ് സ്വദേശി ഹിദായത്തുള്ള, കവരത്തി സ്വദേശി നബീൽ എന്നീ ഉദ്യോഗസ്ഥർക്കായാണ് നിലവിൽ വൻതോതിലുള്ള തിരച്ചിൽ പുരോഗമിക്കുന്നത്.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ്പട്രോളിങ്ങിനിടെ അപകടമുണ്ടായത്. നീന്തി കരയിലെത്തിയ ഉമർ ഉടൻ തന്നെ കവരത്തിയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിവരമറിയിക്കുകയായിരുന്നു. ഉമ്മർ ഫാറൂഖിനെ കവരത്തിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നിലവിൽ ഇദ്ദേഹം കവരത്തി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
കാണാതായ മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കായി ഇന്ന് രാവിലെയോടെ ഹെലികോപ്റ്റർ മാർഗ്ഗം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ കവരത്തിയിൽ നിന്നുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ മൂന്ന് ബോട്ടുകളും തിരച്ചിൽ ദൗത്യത്തിനായി സുഹേലി ഭാഗത്തേക്ക് തിരിച്ചു. കാണാതായ ഉദ്യോഗസ്ഥരെ എത്രയും വേഗം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസും രക്ഷാസേനയും.
















