കവരത്തി: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ലക്ഷദ്വീപിലെ 10 ദ്വീപുകളിലും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ആഭിമുഖ്യത്തിൽ തലസ്ഥാന ദ്വീപായ കവരത്തി സ്കൂൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് S.B. ദീപക് കുമാർ IAS വന്ദേമാതര ആലാപനത്തിന് ശേഷം ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു. ദ്വീപ് നിവാസികളുടെ വൻ പങ്കാളിത്തത്താൽ ശ്രദ്ധേയമായ ചടങ്ങിൽ CRPF, CRPF മഹിള, ലക്ഷദ്വീപ് പോലീസ്, പോലീസ് കമാൻഡോ, ഇന്ത്യ റിസർവ് ബറ്റാലിയൻ, പോലീസ് ബാൻഡ്, NCC, NSS, കേന്ദ്രീയ വിദ്യാലയ ഉൾപ്പെടെ 14-ഓളം പ്ലാറ്റൂണുകൾ അണിനിരന്നു. മാർച്ച് പാസ്റ്റിൽ ഇന്ത്യ റിസർവ് ബറ്റാലിയൻ (ഒന്നാം പ്ലാറ്റൂൺ) ഒന്നാം സ്ഥാനവും ലക്ഷദ്വീപ് പോലീസ് (അഞ്ചാം പ്ലാറ്റൂൺ) രണ്ടാം സ്ഥാനവും നേടി. വിദ്യാർത്ഥികളുടെ വിഭാഗത്തിൽ NCC ഗേൾസ് ഒന്നാം സ്ഥാനത്തിനും NCC ബോയ്സ് രണ്ടാം സ്ഥാനത്തിനും അർഹരായി.

​ചടങ്ങിൽ മുതിർന്ന പൗരന്മാരെ ഉപദേഷ്ടാവ് S.B. ദീപക് കുമാർ ആദരിക്കുകയും വിവിധ വകുപ്പുകളുടെ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ, ലക്ഷദ്വീപ് ഐ.ടി. വകുപ്പ് പുതുതായി വികസിപ്പിച്ചെടുത്ത e-permit, e-gazette എന്നീ ആപ്ലിക്കേഷനുകളുടെ ഉദ്ഘാടന കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. കവരത്തി ഡിസ്ട്രിക്റ്റ് ജഡ്ജ് ജ്യോതി V, സൈനിക മേധാവികൾ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ദ്വീപ് നിവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ, ടൂറിസം, ഗതാഗതം, മത്സ്യബന്ധനം, കൃഷി തുടങ്ങിയ മേഖലകളിൽ സുപ്രധാനമായ വികസന പദ്ധതികൾക്ക് അഡ്മിനിസ്ട്രേഷൻ തുടക്കം കുറിച്ചതായി സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. കവരത്തിക്ക് പുറമെ മറ്റ് 9 ദ്വീപുകളിലും അതത് സ്ഥലങ്ങളിലെ ഡെപ്യൂട്ടി കളക്ടർമാരും ദാനിക്സ് (DANICS) ഉദ്യോഗസ്ഥരും ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here