
കവരത്തി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ലക്ഷദ്വീപിലെ മൂന്ന് കോടതി സമുച്ചയങ്ങളിലും ലക്ഷദ്വീപ് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയപതാക ഉയർത്തി. ലക്ഷദ്വീപ് ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് കോടതി സമുച്ചയങ്ങളിലും ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്.
കേരള ഹൈക്കോടതി 11.08.2023-ന് പുറപ്പെടുവിച്ച ഔദ്യോഗിക മെമ്മോറാണ്ടം പ്രകാരം, ആഗസ്റ്റ് 15-ന് അതത് ബാർ അസോസിയേഷനുകളുടെ ഭാരവാഹികളോ പ്രതിനിധികളോ കോടതി പരിസരത്ത് ദേശീയപതാക ഉയർത്തണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
കവരത്തി ജില്ലാ & സെഷൻസ് കോടതി സമുച്ചയത്തിൽ ലക്ഷദ്വീപ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി.എൻ. നൂറുൽ ഹിദായ ദേശീയപതാക ഉയർത്തി. ആമിനി സബ് കോടതി-കം-ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സമുച്ചയത്തിൽ ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അഡ്വ. മുഹ്സിന ബീഗം കെ.പിയും, ആന്ത്രോത്ത് മുൻസിഫ്-കം-ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമുച്ചയത്തിൽ ബാർ അസോസിയേഷന്റെ സീനിയർ അംഗം അഡ്വ. സൈഫുദ്ദീനും ദേശീയപതാക ഉയർത്തി.

കവരത്തി, അമിനി, ആന്ത്രോത്ത് എന്നിവിടങ്ങളിൽ നിലവിൽ ലഭ്യമായിരുന്ന ലക്ഷദ്വീപ് ബാർ അസോസിയേഷൻ അംഗങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു. ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ സ്വാതന്ത്ര്യദിനാഘോഷം അഭിഭാഷക സമൂഹത്തിന്റെയും നീതിന്യായ സ്ഥാപനങ്ങളുടെയും കൂട്ടായ്മയും ദേശീയബോധവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു.
















