
ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെത്തിയ എം.വി. കോറൾസ് കപ്പൽ ജെട്ടിയിൽ അടുപ്പിക്കാനാവാത്തതിനെ തുടർന്ന് പുറംകടലിൽ വെച്ച് ചെറിയ ബോട്ടുകളിലേക്ക് യാത്രക്കാരെ മാറ്റുന്നതിനിടെ വൻ അപകടം. ശക്തമായ തിരമാലയിലും കാറ്റിലും പെട്ട് ഒരു യാത്രാക്കാരി കപ്പലിനും ബോട്ടിനുമിടയിലുള്ള കടലിലേക്ക് വീഴുകയായിരുന്നു. എന്നാൽ കുടെയുണ്ടായിരുന്ന ബോട്ട് തൊഴിലാളികളുടെയും സഹയാത്രികരുടെയും തക്കസമയത്തുള്ള ഇടപെടലും ധീരമായ രക്ഷാപ്രവർത്തനവും കാരണം ഇവരെ ഉടനടി സുരക്ഷിതമായി കരയ്ക്കെത്തിക്കാനും വൻ ദുരന്തം ഒഴിവാക്കാനും സാധിച്ചു.
ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കാലാവസ്ഥയുമാണ് കപ്പൽ ജെട്ടിയിൽ അടുപ്പിക്കുന്നതിന് തടസ്സമായതെന്ന് കപ്പൽ അധികൃതർ വ്യക്തമാക്കി. ആന്ത്രോത്ത് ദ്വീപിലെ മൂല ഭാഗത്തിന് സമീപം പുറംകടലിൽ വെച്ചാണ് ആളുകളെ ചെറിയ ബോട്ടുകളിലേക്ക് മാറ്റിയിറക്കിയത്. സാധാരണയായി എം.വി. കവറത്തി ഒഴികെയുള്ള മറ്റ് യാത്രാക്കപ്പലുകൾക്കെല്ലാം ആന്ത്രോത്ത് ജെട്ടിയിൽ സുരക്ഷിതമായി അടുക്കാൻ സാധിക്കാറുണ്ട്. ആന്ത്രോത്തിലെ ചാനൽ സങ്കീർണ്ണവും ഇടുങ്ങിയതുമാണെങ്കിലും, യാത്രാക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി എത്ര പ്രതികൂല കാലാവസ്ഥയിലും കപ്പലുകൾ ജെട്ടിയിൽ അടുപ്പിക്കാൻ ക്യാപ്റ്റൻമാർ പരമാവധി ശ്രമിക്കാറുണ്ട്. എന്നാൽ ഇന്നത്തെ ശക്തമായ കാറ്റിൽ കപ്പൽ അടുപ്പിക്കുക പ്രയാസകരമായതിനാലാണ് പുറംകടലിലെ ബോട്ട് സർവീസിനെ ആശ്രയിക്കേണ്ടി വന്നത്.
പ്രതികൂല സാഹചര്യങ്ങളിലും ജീവൻ പണയം വെച്ച് യാത്രക്കാരെ സുരക്ഷിതമായി കരയ്ക്കെത്തിക്കുന്ന ആന്ത്രോത്തിലെ ബോട്ട് തൊഴിലാളികളുടെയും അൺലോഡിംഗ് ജീവനക്കാരുടെയും സേവനം ഏറെ പ്രശംസനീയമാണ്. സമയബന്ധിതമായി പണികൾ തീർക്കുന്നതിൽ ഇവർ കാണിക്കുന്ന വേഗത കാരണം ആന്ത്രോത്തിൽ കപ്പലുകൾക്ക് വൈകൽ ഉണ്ടാകാറില്ല. എങ്കിലും യാത്രക്കാരുടെ ജീവന്റെ സുരക്ഷ മുൻനിർത്തി കപ്പലുകൾ ജെട്ടിയിൽ തന്നെ അടുപ്പിച്ച് ആളുകളെ ഇറക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗ്ഗമെന്ന് ദ്വീപ് നിവാസികൾ അഭിപ്രായപ്പെടുന്നു.
















