
ന്യൂഡൽഹി: ലക്ഷദ്വീപിലെ ജനങ്ങൾ നിലവിൽ നേരിടുന്ന വിവിധ വിഷയങ്ങളും ജീവൽപ്രശ്നങ്ങളും ദേശീയ തലത്തിലും പാർലമെന്റിലും ശക്തമായി ഉന്നയിക്കുന്നതിന്റെ ഭാഗമായി എൻ.സി.പി (ശരദ് പവാർ) വർക്കിങ് പ്രസിഡന്റും പാർലമെന്റ് അംഗവുമായ ശ്രീമതി സുപ്രിയ സുലെയുമായി എൻ.സി.പി (എസ്.പി) നേതാക്കൾ കൂടിക്കാഴ്ച നടത്തി.
എൻ.സി.പി (എസ്.പി) ദേശീയ ജനറൽ സെക്രട്ടറി ശ്രീ. മുഹമ്മദ് ഫൈസൽ, ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കോയ അറഫാ മിരാജ്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. അബ്ദുൾ ജബ്ബാർ ടി.പി എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് സുപ്രിയ സുലെ എം.പിയെ സന്ദർശിച്ചത്.
ലക്ഷദ്വീപ് ജനത അഭിമുഖീകരിക്കുന്ന നിലവിലെ പ്രധാന പ്രതിസന്ധികളും വികസന തടസ്സങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾ അടങ്ങിയ നിവേദനം നേതാക്കൾ എം.പിക്ക് കൈമാറി. വിഷയത്തിൽ പാർലമെന്റിലും ദേശീയ രാഷ്ട്രീയ തലത്തിലും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് സുപ്രിയ സുലെ ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.
















