
കവരത്തി: തർഖിയ്യത്തുൽ ഇസ്ലാം മദ്റസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഗുൽഷാനേ റബീഅ്–26’ മീലാദ് ആഘോഷ പരമ്പരയ്ക്ക് ഗ്രാൻഡ് ഖത്മുൽ ഖുർആൻ മജ്ലിസോടെ ഭക്തിനിർഭരമായ തുടക്കമായി. തിരുനബി ﷺയുടെ ജന്മദിനാഘോഷങ്ങളുടെ മുന്നോടിയായി വർഷംതോറും സംഘടിപ്പിച്ചുപോരുന്ന ഖത്മുൽ ഖുർആൻ മജ്ലിസ് ഇത്തവണ ഏറെ വിപുലമായ രീതിയിലാണ് അരങ്ങേറിയത്.
കവരത്തി ജുമാ മസ്ജിദ് ഖത്വീബ് ഹുസൈൻ സഖാഫി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ചടങ്ങിൽ ജസീർ ഖാൻ ബാഖവി മുഖ്യപ്രഭാഷണം നടത്തി. നൂറുകണക്കിന് പ്രവാചകപ്രേമികൾ അണിനിരന്ന സംഗമത്തിൽ നിരവധി ഖുർആൻ ഖത്മുകൾ പൂർത്തിയാക്കി തിരുസവിധത്തിലേക്ക് സമർപ്പിച്ചു. തുടർന്ന് മദ്റസ പ്രിൻസിപ്പാൾ ഹംസക്കോയ സഖാഫി സമാപന ദുആ നിർവഹിച്ചു.
ഗുൽഷാനേ റബീഅ്–26ന്റെ ഭാഗമായി വരും ദിവസങ്ങളിൽ ആത്മീയ, വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക മേഖലകളെ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ മദ്റസ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മഹല്ല് നിവാസികൾ എന്നിവർ സംബന്ധിച്ചു.
















