കൊച്ചി: കാലാവസ്ഥ മോശമായതിനെ തുടർന്ന് ഇന്ന് കൊച്ചിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അറേബ്യൻ സീ, ലഗൂൺസ് എന്നീ കപ്പലുകൾ യാത്ര റദ്ദാക്കി. ഒരു ദിവസം വൈകി ഓടും എന്നാണ് അധികൃതർ അറിയിച്ചത്. കാലാവസ്ഥാ മുന്നറിയിപ്പ് രണ്ടു ദിവസം മുമ്പ് തന്നെ ഉണ്ടായിട്ടും യാത്രക്കാർ സ്കാനിംഗ് സെന്ററിലെത്തിയ ശേഷം മാത്രമാണ് കപ്പൽ യാത്ര റദ്ദാക്കിയതായുള്ള വിവരം യാത്രക്കാരെ അറിയിക്കുന്നത്. ലോഡ്ജ് മുറികൾ വെക്കേറ്റ് ചെയ്ത് ഐലന്റിൽ എത്തിയ യാത്രക്കാർ ഇപ്പോൾ വീണ്ടും താമസ സൗകര്യത്തിനായി എറണാകുളത്ത് ലോഡ്ജുകൾ കയറിയിറങ്ങുകയാണ്. നാളെയും കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ കപ്പൽ പുറപ്പെടുകയുള്ളൂ എന്നാണ് തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.