കൊച്ചി: ലക്ഷദ്വീപ് യുവ മോർച്ചാ സംസ്ഥാന മുൻ അധ്യക്ഷനും സാമൂഹിക പ്രവർത്തകനുമായ ശ്രീ. മഹദാ ഹുസൈൻ എൻ.സി.പി (എസ്) അംഗത്വം സ്വീകരിച്ചു. 2022 മുതൽ ബി.ജെ.പി യുവജന വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന മഹദാ ഹുസൈൻ കഴിഞ്ഞ മാസമാണ് യുവ മോർച്ചാ സംസ്ഥാന അധ്യക്ഷ പദവി രാജി വെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് അന്ന് അദ്ദേഹം വിശദീകരിച്ചിരുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടികയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടൊരു വ്യക്തി കൂടിയായിരുന്നു ഇദ്ധേഹം. അവസാന റൗണ്ടിൽ അദ്ദേഹത്തെ ഒഴിവാക്കാനാണ് എൻ.സി.പി അജിത് പവാർ പക്ഷത്തിന് സീറ്റ് നൽകിയത് എന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച എൻ.സി.പി (എസ്) ദേശീയ ജനറൽ സെക്രട്ടറിയും ലക്ഷദ്വീപ് മുൻ എം.പി യുമായ ശ്രീ. മുഹമ്മദ് ഫൈസൽ, എൻ.സി.പി (എസ്) ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷൻ ശ്രീ. അഡ്വ. കോയാ അറഫാ മിറാജ്, എൻ.സി.പി (എസ്) മെയിൻ ലാന്റ് യൂണിറ്റ് ഘടകം പ്രസിഡന്റ് എ.ബി ഫളൽ മറ്റ് നേതാക്കളും എറണാകുളം എൻ.സി.പി (എസ്) ഓഫീസിൽ വെച്ച് മഹദാ ഹുസൈനെ പൊന്നാട അണിയിക്കുകയും ഔദ്യോഗിക അംഗത്വം നൽകുകയും ചെയ്തു.