ആലപ്പുഴ: ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികരായ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. മരിച്ചവരിൽ ആന്ത്രോത്ത് ദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമും. ആന്ത്രോത്ത് പപ്പേറ്റ് നസീറിന്റെ മകനായ മുഹമ്മദ് ഇബ്രാഹിം വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്.
കാറില്‍ 12 പേരുണ്ടായിരുന്നതായി ഡി.വൈ.എസ്.പി മധു ബാബു പറഞ്ഞു. അപകടത്തിൽ അഞ്ച് പേര്‍ മരിച്ചെന്നും ബാക്കിയുള്ളവര്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
നാലുപേര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നുപേര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. കെ.എസ്.ആര്‍.ടി.സി ബസിലെ ഒരു യാത്രക്കാരിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡി.വൈ.എസ്.പി പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ ആന്ത്രോത്ത് ദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന് പുറമെ സഹപാഠികളായ നാല് വിദ്യാർത്ഥികളും അപകടത്തിൽ മരണപ്പെട്ടു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. വൈറ്റിലയില്‍ നിന്ന് കായംകുളത്തേക്ക് പോയ ബസും എറണാകുളം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്.