Photo: Ahsani Mubarak
കവരത്തി: ലക്ഷദ്വീപിൽ അഞ്ചാം തീയതി വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്.തമിഴ്നാടിനു മുകളിൽ ശക്തി കുറഞ്ഞ ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യുന മർദ്ദമായി നാളെയോടെ അറബികടലിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.ഇതിന്റെ പ്രഭാവത്താൽ ലക്ഷദ്വീപിൽ ഡിസംബർ അഞ്ചുവരെ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. കടലിലുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. വെസ്സലുകളും ബോട്ടുകളും നിശ്ചിത അകലം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും നിർദ്ദേശമുണ്ട്. തീരത്തിനടുത്ത് താമസിക്കുന്നവർക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.