ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിലെ ടി.ബി രോഗികൾക്ക് സാന്ത്വനവുമായി ആന്ത്രോത്ത് മർച്ചന്റ്സ് അസോസിയേഷൻ. ടി.ബി രോഗികൾക്കുള്ള പോഷക കിറ്റാണ് ആന്ത്രോത്ത് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.സി മുനീർ, നമീദ് ഇസ്മാഈൽ, ബഷീർ ഇ.കെ എന്നിവരുടെ നേതൃത്വത്തിൽ ആന്ത്രോത്ത് ഹോസ്പിറ്റൽ അധികൃതരുടെ സാന്നിധ്യത്തിൽ രോഗികൾക്ക് കൈമാറി. പ്രധാനമന്ത്രി ടി.ബി മുക്ത ഭാരത് അഭിയാന് കീഴിലുള്ള നിക്ഷയ് മിത്രയുടെ ഭാഗമായാണ് ടി.ബി രോഗികൾക്കുള്ള പോഷക കിറ്റുകൾ നൽകുന്നത്. 2025 ഓടെ ക്ഷയരോഗം ഇന്ത്യയിൽ നിന്നും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
രോഗിയുടെ ആരോഗ്യം വീണ്ടെടുക്കലിൽ പോഷകാഹാരത്തിൻ്റെ നിർണായക പങ്ക് തിരിച്ചറിഞ്ഞ്, സർക്കാർ-പങ്കാളിത്തത്തോടെ, രോഗിക്ക് മതിയായ പോഷകാഹാര പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.