
കൊച്ചി: ഇന്ന് കൊച്ചിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എം.വി കവരത്തി കപ്പലിന്റെ യാത്ര മുടങ്ങി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് യാത്ര മുടങ്ങിയത് എന്നാണ് അറിയിച്ചിരിക്കുന്നത്. മാസങ്ങളായി ടിക്കറ്റ് കിട്ടാതെ കൊച്ചിയിൽ കുടുങ്ങി കിടക്കുന്ന രോഗികളുൾപ്പെടെ നൂറു കണക്കിന് ആളുകളാണ് ഇന്ന് ടിക്കറ്റ് ലഭിച്ചതിനെ തുടർന്ന് താമസ സ്ഥലങ്ങളായ ലോഡ്ജ് മുറികളും വാടക വീടുകളും ഒഴിവാക്കി കപ്പൽ കയറാനായി വില്ലിംഗ്ഡൺ ഐലന്റിലെ ലക്ഷദ്വിപ് പാസഞ്ചർ സ്കാനിംഗ് സെന്ററിൽ എത്തിയത്.
കയ്യിൽ സാമ്പത്തികമായി ഒന്നുമില്ലാത്ത ആളുകളാണ് ഇതിൽ ഭൂരിഭാഗവും. കടം വാങ്ങിയാൽ പോലും തിരിച്ചു ചെന്നാൽ നേരത്തെ താമസിച്ചിരുന്ന റൂമുകൾ ഇനി ലഭിക്കില്ല. പലരും താമസ സൗകര്യങ്ങൾ ലഭിക്കാതെ ഇപ്പോഴും കൊളംബോ ജംഗ്ഷനിലും പരിസരത്തും ലോഡ്ജ് മുറികൾ തേടി അലയുകയാണ്. കപ്പൽ ഓടുന്നത് വരെയുള്ള താമസ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷദ്വിപ് തുറമുഖ വകുപ്പ് തയ്യാറാവണം എന്നാണ് യാത്രക്കാരുടെ ആവശ്യം.
