
ചെത്ത്ലാത്ത്: ലക്ഷദ്വീപിലെ ഗതാഗത മേഖലയിലെ യാത്രാ സൗകര്യങ്ങളുടെ ദൗർലഭ്യം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ചേത്ത്ലാത്ത് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസിലേക്ക് സി.പി.ഐ(എം), ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ദ്വീപ് നിവാസികൾ നേരിടുന്ന ഗതാഗത സംബന്ധമായ ദുരിതങ്ങൾക്ക് അടിയന്തിരമാരി പരിഹാരം കാണണം എന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
പ്രതിഷേധ പരിപാടി CPI(M) ചേത്ത്ലാത്ത് ബ്രാഞ്ച് സെക്രട്ടറി സഖാവ് ഉവൈസ് ഉദ്ഘാടനം ചെയ്തു. പ്രസംഗത്തിൽ അദ്ദേഹം ഗതാഗത സൗകര്യങ്ങളുടെ പാളിച്ച ദ്വീപ് നിവാസികളുടെ നിത്യജീവിതത്തെ അപാരമായി ബാധിക്കുന്നതായും ഇതിനെതിരെ ഭരണകൂടം ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ദ്വീപുകൾ തമ്മിലുളള കപ്പൽ സർവീസുകൾ നിശ്ചിത സമയത്ത് ലഭിക്കാത്തത് ജനങ്ങളുടെ യാത്രാ സൗകര്യത്തെ പ്രതികൂലമായി ബാധിക്കുന്നു. രോഗ ചികിത്സയ്ക്കായി മറ്റ് ദ്വീപുകളിലേക്കും മേയിൻ ലാൻഡിലേക്കും പോകേണ്ടിവരുന്നവർക്കും വിദ്യാർത്ഥികൾക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ടൂറിസം മേഖലയും ഇതിന്റെ പ്രത്യാഘാതം നേരിടുന്നുണ്ട്. ദ്വീപ് വികസനത്തിന് അടിസ്ഥാനമാകേണ്ട ഗതാഗതം അനിയന്ത്രിതമായ സാഹചര്യത്തിലായി കഴിഞ്ഞിരിക്കുകയാണ് എന്ന് നേതാക്കൾ പറഞ്ഞു.
DYFI യൂണിറ്റ് പ്രസിഡന്റ് സഖാവ് സൈനു നിസാം, യൂണിറ്റ് സെക്രട്ടറി സഖാവ് നൗഫൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. നിരവധി യുവജന നേതാക്കളും CPI(M) പ്രവർത്തകരും പരിപാടിയിൽ പങ്കാളികളായി.
