
ന്യൂഡൽഹി: ചാണക്യപുരിയിൽ ലക്ഷദ്വീപ്, ദമൻ-ദിയു ഭവനങ്ങൾക്കായി അനുവദിച്ച ഭൂമിയിൽ സ്വകാര്യ വാണിജ്യ ഹോട്ടൽ പ്രവർത്തിക്കുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ദമൻ സ്വദേശിയായ സതീഷ് ശർമ്മ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നടപടി. ദ്വീപ് നിവാസികളുടെ ക്ഷേമത്തിനും പൊതുആവശ്യങ്ങൾക്കുമായി ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി (DDA) ചുരുങ്ങിയ നിരക്കിൽ അനുവദിച്ച ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. വിഷയം ഗുരുതരമായി കണ്ട ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിൻ വാസുദേവ് സാംബ്രെ, ജസ്റ്റിസ് സഞ്ജയ് ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട യഥാർത്ഥ രേഖകൾ സമർപ്പിച്ച് വിശദീകരണം നൽകാൻ ഡിഡിഎയോട് നിർദ്ദേശിച്ചു.
ഡൽഹിയിലെ വിഐപി മേഖലയായ ചാണക്യപുരിയിൽ കേന്ദ്രഭരണ പ്രദേശങ്ങളിലെ സാധാരണക്കാർക്കായി അനുവദിച്ച ഭൂമിയിൽ ‘ജിഞ്ചർ ഹോട്ടൽ’ (Ginger Hotel) എന്ന പേരിൽ സ്വകാര്യ ലക്ഷ്വറി ഹോട്ടൽ പ്രവർത്തിപ്പിക്കുന്നതാണ് കേസിനാസ്പദമായ സംഭവം. ചികിത്സയ്ക്കും ഉപരിപഠനത്തിനും ഔദ്യോഗിക ആവശ്യങ്ങൾക്കുമായി തലസ്ഥാന നഗരിയിലെത്തുന്ന ലക്ഷദ്വീപ്, ദമൻ-ദിയു നിവാസികൾക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുന്നതിനായാണ് ഈ സ്ഥലം നൽകിയിരുന്നത്. എന്നാൽ നിലവിൽ സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം ദിവസം 7,000 രൂപയ്ക്ക് മുകളിൽ ‘ഡൈനാമിക് റൂം റേറ്റ്’ ഈടാക്കിയാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് സതീഷ് ശർമ്മ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.
ഭൂമി അനുവദിച്ചതിന്റെ മൂലക്കരാറിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് വാണിജ്യ സ്ഥാപനത്തിന് കൈമാറിയത് പൊതുജന താൽപ്പര്യത്തിന് വിരുദ്ധമാണെന്നാണ് ഹർജിക്കാരൻ കോടതിയെ അറിയിച്ചത്. വിഷയത്തിൽ ഡിഡിഎ നൽകുന്ന വിശദീകരണവും അലോട്ട്മെന്റ് രേഖകളും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന നിലപാടിലാണ് ഹൈക്കോടതി. വിശദീകരണം നൽകാൻ സമയം അനുവദിച്ച ബെഞ്ച്, കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി അടുത്ത ആഴ്ചകളിലേക്ക് മാറ്റി.
















