കവരത്തി: കപ്പൽ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എം.അലി അക്ബർ എൽ.ഡി.സി.എൽ ചെയർമാന് കത്തയച്ചു. ലക്ഷദ്വീപിലെ കപ്പൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ലക്ഷദ്വീപ് സീമെൻസ് വെൽഫെയർ അസോസിയേഷൻ കഴിഞ്ഞ രണ്ടു വർഷമായി നിരവധി നിവേദനങ്ങൾ ബന്ധപ്പെട്ട അധികാരികളെ നേരിൽ കണ്ട് സമർപ്പിച്ചിരുന്നു. ഭംഗി വാക്കുകൾക്കപ്പുറം ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെ തുടർന്ന് സീമെൻസ് വെൽഫെയർ അസോസിയേഷൻ ഈ മാസം 29 മുതൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജ്യത്തെ മുഴുവൻ ഷിപ്പിങ്ങ് കമ്പനികളും ഷിപ്പിങ്ങ് ഡയരക്ടർ ജനറൽ നിർദേശിച്ച എൻ.എം.ബി 2019-2023 പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടുണ്ട്. എന്നാൽ എൽ.ഡി.സി.എൽ ഇതുവരെയും അതിന് തയാറായിട്ടില്ല. അതേസമയം തന്നെ കമ്പനിയുടെ കീഴിൽ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ശമ്പളവും അലവൻസുകളും വർധിപ്പിച്ചിട്ടുണ്ട്. കടലിനോട് മല്ലിടുന്ന കപ്പൽ ജീവനക്കാർ ന്യായമായി ഉന്നയിക്കുന്ന ആവശ്യങ്ങളോട് കമ്പനി അധികൃതർ മുഖം തിരിക്കുന്നത് തികച്ചും അപലപനീയമാണെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എം.അലി അക്ബർ അയച്ച കത്തിൽ പറയുന്നു.
കപ്പൽ ജീവനക്കാരെ മനസ്സിലാക്കാൻ കഴിയുന്ന ഹ്യൂമൺ റിസോഴ്സ് രംഗത്ത് നിന്നുള്ള ക്രൂ മാനേജറെ ഉടൻ നിയമിക്കുക, വിക്ച്വലിങ്ങ് അലവൻസുകൾ സമയബന്ധിതമായി നൽകുക തുടങ്ങിയ കപ്പൽ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കപ്പൽ ജീവനക്കാർ പ്രഖ്യാപിച്ച സമരവുമായി അവർ മുന്നോട്ട് പോയാൽ, അത് ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ആയതിനാൽ സമരം ആരംഭിക്കുന്ന ഈ മാസം 29-ന് മുൻപായി കപ്പൽ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കൂടി തയ്യാറാവണം എന്ന് എം.അലി അക്ബർ എൽ.ഡി.സി.എൽ ചെയർമാന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.