കൊച്ചി: ലക്ഷദ്വീപിലെ കടുത്ത യാത്ര ക്ലേശത്തിൽ പ്രതിഷേധിച്ച് എൻ.എസ്.യൂ. ഐ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസിലും കൊച്ചി ടിക്കറ്റ് കൗണ്ടറിലും റീത്ത് വെച്ച് പ്രതിഷേധിച്ചു.
മുൻപ് പത്തോളം കപ്പലുകൾ ഓടിക്കൊണ്ടിരുന്ന സ്ഥലത്ത് ഇന്ന് ഒറ്റ കപ്പൽ മാത്രമാണ് സർവ്വീസ് നടത്തുന്നത്. രോഗികളും, വിദ്യാർത്ഥികളും മറ്റും ഉൾപ്പെടെയുള്ളവർ വൻകരയെയാണ് ആശ്രയിക്കുന്നത്. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന കപ്പലുകൾ കൂട്ടത്തോടെ ഡ്രൈ ഡോക്കിലേക്ക് അറ്റകുറ്റപ്പണിക്കായി പോയതോടെ ലക്ഷദ്വീപ് ജനത പെരുവഴിയിലാണ്.
ഗതാഗത ക്ലേശത്തിൽ ഇടപെടാത്ത ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെയും, ഇത്രയും പ്രശ്നങ്ങൾ ദ്വീപിൽ നടക്കുമ്പോഴും മൗനം തുടരുന്ന ലക്ഷദ്വീപ് എംപിയുടെയും നീക്കങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് എൻ.എസ്.യു.ഐ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസിലും, ടിക്കറ്റ് കൗണ്ടറിലും റീത്ത് വെച്ച് പ്രതിഷേധിച്ചത്.
എൻ.എസ്.യു.ഐ ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈബ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സക്കരിയ, ആദിൽ, മുബിൻ സംറൂദ് എന്നിവർ നേതൃത്വം നൽകി.
വീഡിയോ കടപ്പാട്: സുപ്രഭാതം.