തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് നടൻ വിജയ്. ‘തമിഴ് വെട്രി കഴകം’ എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിൽ അദ്ദേഹം പാർട്ടിയുടെ പേര് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പാർട്ടീ രൂപീകരണവുമായി ബന്ധപ്പെട്ട് നടൻ വിജയുടെ പ്രസ്താവന- പൂർണ്ണരൂപം വായിക്കാം:

വിജയ് മക്കൾ ഇയക്കം (Vijay Peoples Movements) നിരവധി ക്ഷേമ പദ്ധതികളും സാമൂഹിക സേവനങ്ങളും ദുരിതാശ്വാസ സഹായങ്ങളും വർഷങ്ങളായി സംഘടനയുടെ കഴിവിൻ്റെ പരമാവധി ചെയ്തു വരുന്നുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നിരുന്നാലും, ഒരു സന്നദ്ധ സംഘടനയ്ക്ക് സമ്പൂർണ്ണ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത് അസാധ്യമാണ്. അതിന് സംഘടനയ്ക്ക് രാഷ്ട്രീയ ശക്തി ആവശ്യമാണ്.

നിലവിലെ രാഷ്ട്രീയ സാഹചര്യം നിങ്ങൾക്കെല്ലാവർക്കും അറിയാം. ഭരണപരമായ കെടുകാര്യസ്ഥതയും കുത്തഴിഞ്ഞ രാഷ്ട്രീയ സംസ്കാരവും ഒരു വശത്ത്. ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ നമ്മുടെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന `വിഭജന രാഷ്ട്രീയ സംസ്കാരം´ മറുവശത്ത്. ഇതൊക്കെ നമ്മുടെ ഐക്യത്തിനും പുരോഗതിക്കും തടസ്സമാണ്.

നിസ്വാർത്ഥവും സുതാര്യവും ജാതിരഹിതവും ദീർഘവീക്ഷണമുള്ളതും കൈക്കൂലി രഹിതവും അഴിമതിരഹിതവുമായ കാര്യക്ഷമമായ ഭരണത്തിലേക്ക് നയിക്കാൻ കഴിയുന്ന അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ മാറ്റത്തിനായി ഏവരും, പ്രത്യേകിച്ച് തമിഴ്നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. ഇക്കാര്യത്തിൽ ഏറ്റവും പ്രധാനമായി ചൂണ്ടിക്കാണിക്കുവാനുള്ളത് അത്തരമൊരു രാഷ്ട്രീയം നമ്മുടെ ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായിരിക്കണം എന്നുള്ളതാണ്.

അത് തമിഴ്‌നാടിൻ്റെ സംസ്ഥാന അവകാശത്തെ അടിസ്ഥാനമാക്കിയുള്ളതുമായിരിക്കണം, കൂടാതെ ഈ ഭൂമിക്ക് ജനനവും ജീവനും സമം (ജനനം കൊണ്ട് എല്ലാവരും തുല്യരാണ്) എന്ന സമത്വ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ജനങ്ങളുടെ ഏകകണ്ഠമായ ആരാധനയും സ്നേഹവുമുള്ള ഒരു ജനശക്തിക്ക് മാത്രമേ ഇത്തരമൊരു അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം സാധ്യമാകൂ.

ഈ സാഹചര്യത്തിൽ, മാതാപിതാക്കൾക്ക് ശേഷം എനിക്ക് പേരും പെരുമയും എല്ലാം തന്ന തമിഴ്നാട്ടിലെ ജനങ്ങളെയും തമിഴ് സമൂഹത്തെയും എനിക്ക് കഴിയുന്ന വിധത്തിൽ സഹായിക്കുക എന്നത് എൻ്റെ ദീർഘകാല ആഗ്രഹവും അഭിലാഷവുമാണ്. പ്രവർത്തി ചെയ്യുന്നതിനു മുൻപ് ചിന്തിക്കുക എന്നുള്ളത് തിരുവള്ളുവർ വാക്ക്യമാണ്.

അതനുസരിച്ച്, ഞങ്ങളുടെ നേതൃത്വത്തിൽ “തമിഴ്ക വെട്രി കഴകം” എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കുകയും, ഇന്ത്യൻ ചീഫ് ഇലക്ഷൻ കമ്മീഷനിൽ രജിസ്റ്റർ ചെയ്യാൻ ഞങ്ങളുടെ പാർട്ടിയുടെ പേരിൽ ഇന്ന് അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്. നേരത്തെ 25.01.2024 ന് ചെന്നൈയിൽ ചേർന്ന സംസ്ഥാന ജനറൽ കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പാർട്ടി പ്രസിഡൻ്റിനെയും ചീഫ് സെക്രട്ടേറിയറ്റ് എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുക്കുകയും പാർട്ടി ഭരണഘടനയും നിയമങ്ങളും ചർച്ചയ്ക്കു വയ്ക്കുകയും ചെയ്തിരുന്നു. ഇവ എല്ലാ ജനറൽ കമ്മിറ്റി അംഗങ്ങളും അംഗീകരിക്കുകയും ചെയ്തിരിക്കുകയാണ്.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും തമിഴ്നാടിനെ ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിച്ചതിന് ശേഷം, തമിഴ്‌നാടുമായി ബന്ധപ്പെട്ട നയങ്ങളുടെ വിജയത്തിനും ഉന്നമനത്തിനുമുള്ള ഞങ്ങളുടെ പാർട്ടിയുടെ തത്വങ്ങൾ, പതാക, ചിഹ്നം, കർമ്മ പദ്ധതികൾ എന്നിവ അവതരിപ്പിച്ച് പൊതുയോഗങ്ങളിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങൾക്കായുള്ള ഞങ്ങളുടെ രാഷ്ട്രീയ യാത്ര ആരംഭിക്കും.

നമ്മുടെ പാർട്ടിയിലെ പ്രവർത്തകരെ രാഷ്ട്രീയവൽക്കരിച്ച് സംഘടനാപരമായി സജ്ജമായ നിലയിലേക്ക് കൊണ്ടുവരികയും പാർട്ടിയുടെ നിയമ ചട്ടങ്ങൾക്കനുസരിച്ച് ഉത്തരവാദിത്തപ്പെട്ടവരെ ജനാധിപത്യപരമായി തിരഞ്ഞെടുക്കുകയും ചെയ്യും. പാർട്ടിയുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇക്കാലയളവിൽ സജീവമായി നടപ്പാക്കും.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരത്തിനും പാർട്ടി വിപുലീകരണ പ്രവർത്തനങ്ങൾക്കും ആവശ്യമായ സമയം കണക്കിലെടുത്താണ് ഞങ്ങളുടെ പാർട്ടിയുടെ രജിസ്ട്രേഷനായുള്ള അപേക്ഷ നൽകിയിരിക്കുന്നത്. വരുന്ന 2024 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ മത്സരിക്കുന്നില്ലെന്നും ഒരു പാർട്ടിക്കും ഞങ്ങളുടെ പിന്തുണയില്ലെന്നും ഇക്കാര്യം ജനറൽ ബോഡിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും തീരുമാനിച്ചിട്ടുണ്ടെന്നും വിനയപൂർവ്വം ഞാൻ ഇവിടെ പ്രസ്താവിക്കുന്നു.

അവസാനമായി, രാഷ്ട്രീയം എനിക്ക് മറ്റൊരു തൊഴിലല്ല, പകരം ജനങ്ങളിലേക്കിറങ്ങിചെല്ലുവാനുള്ള പവിത്രമായ പ്രവർത്തിയാണ്.രാഷ്ട്രീയത്തിൻ്റെ ഔന്നത്യം മാത്രമല്ല അതിൻ്റെ വ്യാപ്തി കൂടിയറിയാൻ നമ്മളിൽ പലരിൽ നിന്നും പാഠങ്ങൾ പഠിച്ച് ഞാൻ വളരെക്കാലമായി സ്വയം തയ്യാറെടുത്തുവരികയായിരുന്നു.

അതുകൊണ്ട് ഉറപ്പിച്ചു പറയാം, രാഷ്ട്രീയം എനിക്ക് ഒരു ഹോബിയല്ല. അങ്ങനെയാകരുതെന്നാണ് ഞാൻ കരുതുന്നതും. ഞാൻ നേരത്തെ സമ്മതിച്ചിട്ടുള്ള മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട പ്രതിബദ്ധത എനിക്ക് പൂർത്തിയാക്കേണ്ടതുണ്ട്. തുടർന്ന് തമിഴ്നാട്ടിലെ ജനങ്ങളോടുള്ള നന്ദിയുടെ കടപ്പാടുമായി ഞാൻ ജനങ്ങളിലേക്കിറങ്ങുമെന്നും അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here