പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽ തൻ്റേതായ ഇടം നേടിയ നടനാണ് പ്രഭാസ്. പ്രഭാസിന്റെ അടുത്തായി പുറത്തിറങ്ങിയ ചിത്രമായ സലാർ രാജ്യത്തുടനീളം വമ്പൻ ഹിറ്റായി മാറി. ഇപ്പോൾ പ്രഭാസ് തൻ്റെ തിരക്കുകളിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ആരോഗ്യപരമായ കാരണങ്ങളാൽ 2024 മാർച്ച് വരെ പ്രഭാസ് ഇൻഡസ്ട്രിയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നാണ് റിപ്പോർട്ട്. തൻ്റെ ഏറ്റവും പുതിയ ചിത്രമായ സലാറിന് ലഭിച്ച പ്രതികരണത്തിൽ താരം സന്തോഷവാനാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇനി കൽക്കി 2898 എഡിയാണ് പ്രഭാസിൻ്റെ വരാനിരിക്കുന്ന ചിത്രം. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ, ദിഷ പടാനി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മെയ് 9 ന് ചിത്രം ലോകമെമ്പാടും തിയേറ്ററുകളിൽ എത്തും.