
മിനിക്കോയ്: മിനിക്കോയ് ദ്വീപിൽ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ ഗ്യാലക്സി എന്ന ബോട്ട് കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടു. ലക്ഷദ്വീപ് ഭരണകൂടവും ഇന്ത്യൻ നേവിയും കോസ്റ്റ് ഗാർഡും ഉൾപ്പെടെ ഊർജ്ജിതമായ തിരച്ചിൽ തുടരുന്നുണ്ട് എങ്കിലും ഇതുവരെയായും ബോട്ടിനെ കണ്ടെത്താനായിട്ടില്ല. IND_LD_MO_MY_110 എന്ന നമ്പറിലുള്ള ഗ്യാലക്സി എന്ന പേരിലുള്ള ബോട്ടാണ് കാണാതായത്. ബാഡാ വില്ലേജിൽ നിന്നുള്ള ഇസ്മാഈൽ ബഡിക്കാഗോത്തി, ഇബ്രാഹിം ബഡമഗുമത്തിഗേ, കുദഹി വില്ലേജിൽ നിന്നുള്ള ഇസ്മാഈൽ മറിയഗേ, ഹസ്സൻ തമ്പുരുഗണ്ടുഗേ എന്നിവരാണ് കാണാതായ ഗ്യാലക്സി ബോട്ടിലുള്ളത്.
ഈ മാസം 25 ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് ഇവർ മത്സ്യബന്ധനത്തിനായി മിനിക്കോയ് ദ്വീപിൽ നിന്നും പുറപ്പെട്ടത്. അവസാനമായി മിനിക്കോയ് ദ്വീപിന് സമീപത്തെ മത്സ്യബന്ധന ബോയക്ക് സമീപമായി ഗ്യാലക്സി ബോട്ടിന്റെ ലൊക്കേഷൻ ഡാറ്റ കാണിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. അതിനു ശേഷം മിനിക്കോയ് ദ്വീപിൽ നിന്നും ഏതാണ്ട് 115 നോട്ടിക്കൽ മൈൽ അകലെ കൽപ്പേനി ദ്വീപിനോട് ചേർന്ന് ഒരു ചെറിയ ബോട്ട് സാറ്റലൈറ്റ് ചിത്രത്തിൽ കണ്ടതായി പറയപ്പെടുന്നു. അതിനു ശേഷം ഒരു വിവരവും ലഭ്യമായിട്ടില്ല. ബോട്ട് കാണാതായ ദിവസം ബോട്ടിലുള്ള ഒരു മത്സ്യബന്ധന തൊഴിലാളി അദ്ദേഹത്തിന്റെ വീട്ടിലേക്ക് മൊബൈൽ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. നെറ്റ്‌വർക്ക് മോശമായതിനാൽ സംസാരിക്കാൻ സാധിച്ചില്ല എന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാണ്ടന്റിനെ നേരിൽ സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലക്ഷദ്വീപ് എംപി ഹംദുള്ളാ സഈദ് ആവശ്യപ്പെട്ടു. സംഭവം കേന്ദ്ര സർക്കാർ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്നാണ് എം.പി ആവശ്യപ്പെട്ടിരിക്കുന്നത്.
