
ആന്ത്രോത്ത്: ഫലസ്തീനിലും ഇറാനിലും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്ക – ഇസ്രായേൽ കൂട്ടുകെട്ട് നടത്തി കൊണ്ടിരിക്കുന്ന യുദ്ധ ഭീകരതക്കെതിരെ സി.പി.ഐ(എം) ലക്ഷദ്വിപ് ലോക്കൽ കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ(എം) ലക്ഷദ്വിപ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ശാഫി ഖുറൈശിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സദസ്സിൽ ഹസൻ അശ്റഫി മുഖ്യ പ്രഭാഷണം നടത്തി. ലോകത്തെ ശാന്തിയും സമാധാനവും ഇല്ലാതെയാക്കുന്ന യുദ്ധക്കൊതി അവസാനിപ്പിക്കാൻ അമേരിക്കയും ഇസ്രായേലും തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തെ മനുഷ്യർ എവിടെ ആക്രമിക്കപ്പെടുമ്പോഴും അത് നമ്മുടെ കൂടി വേദനയാവുമ്പോഴാണ് മാനവികതയുടെ പക്ഷത്താണ് നമ്മളെന്ന് ഉറപ്പിക്കാൻ നമുക്ക് സാധിക്കുന്നത് എന്ന് ചടങ്ങിൽ സംസാരിച്ച ഹുസൈൻ സഖാഫി പറഞ്ഞു. സി.പി.ഐ(എം) ലക്ഷദ്വിപ് ഘടകം ഇത്തരമൊരു പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത് ശ്ലാഘനീയമാണ് എന്ന് അദ്ദേഹം കൂട്ടിചേർത്തു.
എൻ.സി.പി(എസ്.പി) പ്രതിനിധീകരിച്ച് കൊണ്ട് എൻ.വൈ.സി സംസ്ഥാന ട്രഷറർ സൈനുദ്ദീൻ പി.എ.എഫ്, കണ്ടേത്ത് സയ്യിദ് മദനി എന്നിവർ പങ്കെടുത്തു. സി.പി.ഐ(എം) ആന്ത്രോത്ത് ബ്രാഞ്ച് സെക്രട്ടറി അക്ബർ അലി സ്വാഗതവും, ലോക്കൽ കമ്മിറ്റി അംഗം സാദിഖ് അലി നന്ദിയും പറഞ്ഞു.
