
കൊച്ചി: ഉപരിപഠനത്തിനായി കേരളക്കരയിലേക്ക് വരുന്ന ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്ക് സെൻട്രൽ എസ്ടി (Central ST) പദവി ഉള്ളതിന്റെ പേരിൽ യോഗ്യതാ മാർക്കുമായി ബന്ധപ്പെട്ട് അഡ്മിഷൻ സമയത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന വലിയ പ്രതിസന്ധികൾക്ക് പരിഹാരം ആവശ്യപ്പെട്ട് ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷൻ (LSA) കേന്ദ്ര കമ്മിറ്റി നേതാക്കൾ ബഹുമാനപ്പെട്ട കേരള ഉന്നതവിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം ജോണുമായി നേരിൽ കണ്ട് ചർച്ച നടത്തി. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും പരിമിതമായ വിദ്യാഭ്യാസ സാഹചര്യങ്ങളും കാരണം ഉപരിപഠനത്തിനായി കേരളത്തിലെ സർവ്വകലാശാലകളെയും കോളേജുകളെയുമാണ് ദ്വീപ് വിദ്യാർത്ഥികൾ പ്രധാനമായും ആശ്രയിക്കുന്നത്. ലക്ഷദ്വീപിലെ തദ്ദേശീയ നിവാസികളെ ഭരണഘടനപ്രകാരം ഷെഡ്യൂൾഡ് ട്രൈബ്സ് (ST) വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും, കേരളത്തിലെ അഡ്മിഷൻ നടപടികളിൽ ഇവരെ ജനറൽ കാറ്റഗറിയിലാണ് പരിഗണിക്കുന്നത്. ഇതുമൂലം ലക്ഷദ്വീപ് വിദ്യാർത്ഥികൾക്കായി നീക്കിവെച്ചിട്ടുള്ള പ്രത്യേക റിസർവേഷൻ സീറ്റുകൾ പലതും യോഗ്യതാ മാർക്കിന്റെ കർശനമായ മാനദണ്ഡങ്ങൾ കാരണം അർഹരായ വിദ്യാർത്ഥികൾക്ക് ലഭിക്കാതെ പോവുകയും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നുണ്ട്.
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സംഘടന ഭാരവാഹികൾ മന്ത്രിക്ക് വിശദമായ നിവേദനം സമർപ്പിച്ചു. കേരളത്തിലെ എസ്.സി/എസ്.ടി (SC/ST) വിഭാഗങ്ങൾക്ക് ലഭിക്കുന്നതുപോലുള്ള കുറഞ്ഞ യോഗ്യതാ മാർക്കിന്റെ ആനുകൂല്യങ്ങളും ഇളവുകളും ലക്ഷദ്വീപ് ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും ലഭ്യമാക്കണമെന്നാണ് ചർച്ചയിൽ പ്രധാനമായും ആവശ്യപ്പെട്ടത്. ലക്ഷദ്വീപിനായി മാറ്റിവെച്ച സീറ്റുകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താനും അർഹരായ വിദ്യാർത്ഥികൾക്ക് വിലപ്പെട്ട വിദ്യാഭ്യാസ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാനും ഈ മാർക്കിളവ് അത്യന്താപേക്ഷിതമാണെന്ന് ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് പി. മിസ്ബാഹുദ്ദീൻ നിവേദനത്തിലൂടെ വ്യക്തമാക്കുന്നു. വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
















