കോഴിക്കോട്: ലക്ഷദ്വീപിൽ 1979 മുതൽ നിലവിലുണ്ടായിരുന്ന മദ്യനിരോധന നിയമം റദ്ദാക്കിക്കൊണ്ടുള്ള ഭരണകൂടത്തിന്റെ പുതിയ തിട്ടൂരം ദ്വീപിനെ ‘വെടക്കാക്കി തനിക്കാക്കുന്ന’ ഭീകരതയുടെ അവസാന നടപടിയാണെന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് പറവൂർ ആരോപിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ കുറ്റകൃത്യങ്ങൾ നന്നേ കുറഞ്ഞതും ഏറ്റവും സുരക്ഷിതവുമായ പ്രദേശമാണിതെന്ന് ഔദ്യോഗിക കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. കൊലപാതകം, കൊള്ള, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വൻ കുറ്റകൃത്യങ്ങൾ ലക്ഷദ്വീപിൽ പൂജ്യമാണ്, അഥവാ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമാണ് സംഭവിക്കുന്നത്. ഇന്ത്യയിൽ സ്ത്രീ സുരക്ഷയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രദേശം ലക്ഷദ്വീപാണെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) റിപ്പോർട്ടുകളിലെ നിരീക്ഷണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​ദ്വീപിലെ ഈ സമാധാനാന്തരീക്ഷത്തിന് പ്രധാന കാരണം സർവ തിന്മകളുടെയും താക്കോലായ ലഹരി വസ്തുക്കളുടെ ഇല്ലായ്മയാണ്. എന്നാൽ സ്വൈരവും സ്വഛന്ദവുമായി കഴിയുന്ന ദ്വീപുകാരുടെ മേൽ കഴുകന്മാർ വട്ടമിട്ട് പറക്കാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായിരിക്കുകയാണ്. പവിഴത്തുരുത്തുകളുടെ തനിമയും പൈതൃകവും ഇതിനകം തന്നെ തകർത്തു കഴിഞ്ഞു. ഇപ്പോൾ ‘ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ലക്ഷദ്വീപിന്റെ സമാധാന ജീവിതമെന്ന ശവപ്പെട്ടിയിലെ അവസാന ആണിയാണിത്. ആ നാട്ടുകാർക്ക് ഒട്ടും വേണ്ടാത്ത ഇത്തരം തിന്മകൾ എന്തിനാണ് അവരുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്നും മുഹമ്മദ് പറവൂർ ചോദിച്ചു.

​കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങൾ ലഹരി വ്യാപനം തടയാൻ സർവ സന്നാഹങ്ങളുമെടുത്ത് രംഗത്തിറങ്ങുമ്പോഴാണ് ഒരു ഭാഗത്ത് ഇത്തരം തല തിരിഞ്ഞ നീക്കങ്ങളുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്. ഈ നടപടിയിൽ ദ്വീപുകാർ ഒന്നടങ്കം പ്രതിഷേധത്തിലാണ്, ഒപ്പം രാജ്യത്ത് സ്വൈരമാഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ഈ പ്രതിഷേധത്തിൽ പങ്കുചേരുന്നു. പക്ഷെ, അധികാരത്തിൻ്റെ ഹുങ്കിൽ ഭീഷണിയുടെ തേറ്റകൾ കാട്ടി അരാജകത്വം സൃഷ്ടിക്കാൻ കരുതിക്കൂട്ടിയുള്ള നിരന്തര ശ്രമങ്ങളുമായി ഭരണകൂടം മുന്നോട്ട് പോവുകയാണെന്നും, ഈ സാഹചര്യത്തിൽ ഭരണകൂട നീക്കങ്ങൾക്കെതിരെ നാടെങ്ങും ശക്തമായ പ്രതിഷേധങ്ങളുയരണമെന്നും കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് പറവൂർ വാർത്താക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here