
അഗത്തി: പുതിയ മദ്യനയത്തിൽ പ്രതിഷേധിച്ച് അഗത്തി മഹല്ല് ജമാഅത്ത് ഖാസിമാരുടെ നേതൃത്വത്തിൽ ദ്വീപിൽ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. “പുതിയ മദ്യനയത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറുക, ദ്വീപിന്റെ പൈതൃകം കാത്തുസൂക്ഷിക്കുക” എന്ന ശക്തമായ മുദ്രാവാക്യമുയർത്തി പി.പി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിച്ചു. ദ്വീപിലെ വിവിധ മഹല്ലുകളിലെ ഖാസിമാർ, പൗരപ്രമുഖർ, രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ, യുവാക്കൾ എന്നിവരടക്കം വൻ ജനപങ്കാളിത്തമാണ് പ്രതിഷേധ പരിപാടിയിൽ ദൃശ്യമായത്.
തുടർന്ന് സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന പ്രതിഷേധ യോഗം ചെയർമാൻ കെ.സി. അബ്ദുൽ ഖാദർ സഖാഫി ഉദ്ഘാടനം ചെയ്തു. ടൂറിസം വികസനത്തിന്റെ പേരുപറഞ്ഞാണ് മദ്യം കൊണ്ടുവരുന്നതെങ്കിൽ, ലക്ഷദ്വീപിന് ആവശ്യം മദ്യമല്ലെന്നും പകരം ദ്വീപിന്റെ സ്വന്തം ഇളനീരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മദ്യം ദ്വീപിന്റെ സമാധാന അന്തരീക്ഷം തകർക്കുമെന്നും, ക്രമസമാധാനമില്ലാത്ത ഒരിടത്തും ടൂറിസം വളരില്ലെന്നും അദ്ദേഹം സർക്കാരിനെ ബോധ്യപ്പെടുത്തി. ചടങ്ങിൽ താജുദ്ദീൻ ഫറൂഖി പ്രതിഷേധങ്ങൾക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. കൺവീനർ ഹുസൈൻ ഫൈസി സ്വാഗതം ആശംസിച്ച ചടങ്ങിൽ സമദ് ദാരിമി നന്ദി രേഖപ്പെടുത്തി.
















