
കവരത്തി: ലക്ഷദ്വീപിൽ പ്രതിഷേധ സമരങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങളുടെ പ്രതിഷേധിക്കുവാനുള്ള അവകാശങ്ങൾ തടയുന്നതിനല്ലെന്ന് ജില്ലാ കലക്ടർ ശിവം ചന്ദ്ര ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ (AIR) വാർത്തകളോട് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു മാസത്തിനിടെ അഗത്തി, അമിനി, കവരത്തി, അന്ത്രോത്ത് എന്നീ ദ്വീപുകളിൽ നടന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ നിയന്ത്രണങ്ങൾ. സമരങ്ങളിലൂടെ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കുന്നതിനാണ് 60 ദിവസത്തേക്ക് ഇത്തരം മുൻകരുതൽ നടപടികൾ സ്വീകരിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ അറിയിച്ചു.

സമരങ്ങൾക്കിടെ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായും, ചില സർക്കാർ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും കലക്ടർ ചൂണ്ടിക്കാട്ടി. പ്രതിഷേധ പ്രവർത്തനങ്ങൾ സാധാരണ ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിലാണ് ഭരണകൂടം തുടർ നടപടികളിലേക്ക് കടന്നത്. ഇനിമുതൽ ദ്വീപുകളിൽ പ്രതിഷേധ പരിപാടികൾ നടത്തുന്നതിനായി ബന്ധപ്പെട്ട എസ്.പി ഓഫീസിൽ നിന്നും 24 മണിക്കൂർ മുൻപ് അനുമതി വാങ്ങിയിരിക്കണം. ഇതിനായി ഓരോ ദ്വീപുകളിലും പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ക്രമസമാധാനം ഉറപ്പാക്കുന്നതിനൊപ്പം, ഓരോ പൗരന്റെയും പ്രതിഷേധിക്കാനുള്ള അവകാശവും സംരക്ഷിക്കുന്നതിന് ലക്ഷദ്വീപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ കലക്ടർ ശിവം ചന്ദ്ര കൂട്ടിച്ചേർത്തു.
















