
ന്യൂഡൽഹി: ലക്ഷദ്വീപിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കും പൊതുയോഗങ്ങൾക്കും ഏർപ്പെടുത്തിയ കർശനമായ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം രാജ്യസഭാ എം.പി ഡോ. വി. ശിവദാസൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. ദ്വീപിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ലക്ഷദ്വീപ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പുറപ്പെടുവിച്ച പുതിയ ഉത്തരവുകൾ ജനങ്ങളുടെ ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള അവകാശത്തെ പൂർണ്ണമായും ഹനിക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ലക്ഷദ്വീപിലെ ബോട്ട് ജെട്ടികൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, പവർ സ്റ്റേഷനുകൾ, വാർത്താവിനിമയ കേന്ദ്രങ്ങൾ, വാട്ടർ പ്ലാന്റുകൾ തുടങ്ങിയ അവശ്യ പൊതുസ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ നിരോധിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നതിന് അറുപത് ദിവസത്തേക്ക് കർശനമായ വിലക്കാണ് ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധങ്ങൾക്കായി ജനവാസമില്ലാത്തതോ ഒറ്റപ്പെട്ടതോ ആയ പ്രത്യേക സ്ഥലങ്ങൾ മാത്രം നിശ്ചയിച്ചു നൽകിയ നടപടി ജനങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്താനുള്ള സിവിൽ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണെന്ന് എം.പി കുറ്റപ്പെടുത്തി.
ഭൂമിപതിവ് അവകാശങ്ങൾ, ഇന്ധന-അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ജനങ്ങളുടെ ഉടമസ്ഥതയിലുള്ള തെങ്ങുകൾ വെട്ടിമാറ്റൽ, മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങളിൽ അമിനി, അഗത്തി, ആന്ത്രോത്ത്, കവരത്തി തുടങ്ങിയ ദ്വീപുകളിലെ ജനങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കാനും അവരുമായി ചർച്ച നടത്താനും തയ്യാറാകുന്നതിന് പകരം, ജനവികാരത്തെ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 ഉറപ്പുനൽകുന്നതാണെന്നും, നിലവിലെ ഭരണകൂട നടപടി ഇതിന്റെ ലംഘനമാണെന്നും ഡോ. വി. ശിവദാസൻ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ, ലക്ഷദ്വീപ് ഭരണകൂടവും ഡിസ്ട്രിക്ട് മജിസ്ട്രേറ്റും പുറപ്പെടുവിച്ച വിവാദ ഉത്തരവുകൾ അടിയന്തരമായി പുനഃപരിശോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാകണമെന്ന് എം.പി ആവശ്യപ്പെട്ടു. ജനങ്ങളുടെ സിവിൽ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നു. ഒപ്പം, ദ്വീപുവാസികളുമായി ജനാധിപത്യപരമായ രീതിയിൽ ചർച്ചകൾ നടത്തി അവരുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകണമെന്നും ഡോ. വി. ശിവദാസൻ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് അഭ്യർത്ഥിച്ചു.
















