കവരത്തി: ലക്ഷദ്വീപിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന മദ്യനിരോധനം പിൻവലിച്ചുകൊണ്ടുള്ള കേന്ദ്ര ഗവൺമെന്റിന്റെ പുതിയ മദ്യനയം ദ്വീപിന്റെ സമാധാനാന്തരീക്ഷം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര ഗവൺമെന്റിന്റെ പുതിയ എക്സൈസ് നിയമ ഭേദഗതിയിലൂടെ മദ്യനിരോധനം നീക്കിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ ജനറൽ സെക്രട്ടറി മുഹമ്മദ് മുസ്തഫ എ. അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം സമർപ്പിച്ചു. പൂർണ്ണമായും ഒരു പ്രത്യേക ജനവിഭാഗം മാത്രം വസിക്കുന്ന ലക്ഷദ്വീപിൽ, അവരുടെ വിശ്വാസപ്രമാണങ്ങൾക്ക് വിരുദ്ധമായി മദ്യം വിതരണം ചെയ്യാനുള്ള നീക്കം ദ്വീപിന്റെ തനതായ സംസ്കാരത്തെയും ആത്മീയ അന്തരീക്ഷത്തെയും തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സംഘടന കുറ്റപ്പെടുത്തി. ലഹരിയുടെ വ്യാപനം യുവതലമുറയെ നശിപ്പിക്കുമെന്നും, കുടുംബബന്ധങ്ങളിലും സാമൂഹിക ഐക്യത്തിലും വിള്ളലുകൾ വീഴ്ത്തുമെന്നും ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ.സി. സഖാഫി അഗത്തി ആശങ്ക രേഖപ്പെടുത്തി. 1979-ൽ പ്രഖ്യാപിച്ച മദ്യനിരോധനം തകിടം മറിക്കുന്ന ഈ പുതിയ ഉത്തരവ് ദ്വീപ് നിവാസികളുടെ താല്പര്യങ്ങൾക്ക് തികച്ചും വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യനയത്തിന് പുറമെ ദ്വീപിലെ ജനങ്ങൾ നേരിടുന്ന മറ്റ് ഗുരുതരമായ പ്രതിസന്ധികളും നിവേദനത്തിൽ അഡ്മിനിസ്ട്രേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ-പൊതുമേഖലാ വ്യവസായങ്ങൾ ഇല്ലാത്ത ദ്വീപിൽ ഉദ്യോഗാർത്ഥികൾ പൂർണ്ണമായും സർക്കാർ ജോലികളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഡെമോൺസ്ട്രേഷൻ യൂണിറ്റുകൾ അടച്ചുപൂട്ടിയതിലൂടെ മൂവായിരത്തിലധികം താൽക്കാലിക തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും, രണ്ടായിരത്തിലധികം സ്ഥിരം ഒഴിവുകൾ നികത്താതെ മാറ്റിവെക്കുകയും ചെയ്ത അഡ്മിനിസ്ട്രേഷന്റെ നടപടി തൊഴിലില്ലായ്മ രൂക്ഷമാക്കിയിരിക്കുകയാണ്. ഭൂമിയുടെ ദൗർലഭ്യം നേരിടുന്ന ദ്വീപിൽ വികസനത്തിന്റെ പേരിൽ അർഹമായ നഷ്ടപരിഹാരം പോലും നൽകാതെ പ്രാദേശിക ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടിയും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പണ്ടാരം ഭൂമി പ്രശ്നം, കപ്പൽ കൂലിയിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും വരുത്തിയ അഭൂതപൂർവ്വമായ വർദ്ധനവ് എന്നിവ പുനഃപരിശോധിക്കണമെന്നും, 2020 ഡിസംബറിന് ശേഷം ജനവിരുദ്ധമായി നടപ്പിലാക്കിയ നിയമങ്ങളും നിയന്ത്രണങ്ങളും പിൻവലിക്കാൻ അഡ്മിനിസ്ട്രേഷൻ തയ്യാറാകണമെന്നും മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here