
ഓരോ ദ്വീപിലും സമരം ചെയ്യാൻ ഇനി ഭരണകൂടത്തിൻ്റെ ‘ഓശാന’ കേന്ദ്രങ്ങൾ
കവരത്തി: ദ്വീപ് ജനതയുടെ ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ പൂർണ്ണമായും അടിച്ചമർത്തുന്ന നിരോധനാജ്ഞ പുറപ്പെടുവിച്ചതിന് പിന്നാലെ, സമരക്കാരെ ജനക്കണ്ണുകളിൽ പെടാതെ ഒതുക്കിത്തീർക്കാനുള്ള അടുത്ത നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ജനവാസമുള്ള പത്ത് ദ്വീപുകളിലെയും ഭൂരിഭാഗം പൊതുസ്ഥലങ്ങളും ഓഫീസുകളും ജെട്ടി പരിസരങ്ങളും പ്രഖ്യാപിത നിരോധിത മേഖലകളാക്കി മാറ്റിയ കടുത്ത ഉത്തരവിന് തൊട്ടുപിന്നാലെ, ആന്ത്രോത്ത് ദ്വീപിലെ പ്രതിഷേധ സ്ഥലം നിശ്ചയിച്ചുകൊണ്ട് ഡെപ്യൂട്ടി കളക്ടർ ഡോ. കുൽദീപ് സിംഗ് താക്കൂർ പുതിയ സർക്കുലർ ഇറക്കിയിരിക്കുകയാണ്. ആന്ത്രോത്തിലെ ‘മൂല’യിലുള്ള ബീച്ച് റോഡിന്റെ അറ്റമാണ് ദ്വീപിലെ ഔദ്യോഗിക സമരവേദിയായി ഭരണകൂടം നിശ്ചയിച്ചു നൽകിയിരിക്കുന്നത്. ഭരണകൂടത്തിന്റെ പീഡനമുറകൾക്കെതിരെയും വിവേചനപരമായ നയങ്ങൾക്കെതിരെയും ശബ്ദമുയർത്തുന്ന ജനങ്ങളെ ദ്വീപിന്റെ ഒരു മൂലയിലേക്ക് ആട്ടിപ്പായിച്ച് ജനശ്രദ്ധയിൽ നിന്നും മാറ്റിനിർത്താനുള്ള കൗശലപൂർവ്വമായ നീക്കമാണിതെന്ന് പരക്കെ പരിഹാസവും ആക്ഷേപവും ഉയർന്നു കഴിഞ്ഞു.

ഭരണകൂടത്തിന്റെ കാരുണ്യത്തിലും ഔദാര്യത്തിലും മാത്രം ഒതുങ്ങുന്ന ഒന്നായി ദ്വീപിലെ ജനാധിപത്യ സമരങ്ങളെ മാറ്റിയെഴുതുകയാണ് ഈ പുതിയ ഉത്തരവ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കോ ഭരണകൂടത്തിന്റെ ജനദ്രോഹ നടപടികൾക്കോ എതിരെ സമരം ചെയ്യണമെങ്കിൽ പോലും ഇനിമുതൽ ദ്വീപ് ജനതയ്ക്ക് ഈ പറയുന്ന ‘മൂല’യിൽ പോയി ഇരിക്കേണ്ടി വരും. പൊതുജനങ്ങളോ അധികാരികളോ കാണാത്ത ഒഴിഞ്ഞ കോണുകളിൽ മാത്രം പ്രതിഷേധങ്ങൾ ഒതുക്കണമെന്ന് ശാഠ്യം പിടിക്കുന്നതിലൂടെ, സമരങ്ങളുടെ അന്തസ്സും പ്രസക്തിയും ഇല്ലാതാക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ശ്രമിക്കുന്നത്. ഈ നിശ്ചിത സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കണമെങ്കിൽ പോലും മുൻകൂർ അനുമതി വാങ്ങണമെന്നും, ലംഘിക്കുന്നവർക്കെതിരെ ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഭാരതീയ ന്യായ സംഹിതയിലെ 223-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്നുമുള്ള മുൻ ഉത്തരവിലെ ഭീഷണികൾ ഈ സർക്കുലറിലും ആവർത്തിച്ചിട്ടുണ്ട്.
ദ്വീപിന്റെ ജീവനാഡിയായ ജെട്ടികൾ, പ്രധാന കവലകൾ, ജനങ്ങൾ നിത്യേന ആശ്രയിക്കുന്ന സർക്കാർ ഓഫീസുകൾ എന്നിവയുടെയെല്ലാം നൂറിലധികം മീറ്റർ ചുറ്റളവിൽ പ്രതിഷേധങ്ങൾ പൂർണ്ണമായി വിലക്കിയ ഭരണകൂടം, ഇപ്പോൾ സമരങ്ങളെ ദ്വീപിന്റെ അറ്റത്തുള്ള ആളൊഴിഞ്ഞ വഴിയിലേക്ക് നാടുകടത്തിയിരിക്കുകയാണ്. ജനങ്ങളുടെ പരാതികൾ കേൾക്കാനോ ജനാധിപത്യപരമായ തിരുത്തലുകൾക്ക് വിധേയമാകാനോ തയ്യാറാകാത്ത ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ സ്വേച്ഛാധിപത്യപരമായ നിലപാടുകൾക്കെതിരെ വൻ പ്രതിഷേധമാണ് ദ്വീപിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉയരുന്നത്. സമരങ്ങളെയും ജനശബ്ദങ്ങളെയും ‘മൂലയ്ക്കൊതുക്കി’ നിശ്ശബ്ദരാക്കാമെന്നത് അധികാരികളുടെ വ്യാമോഹം മാത്രമാണെന്നും, ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും ദ്വീപ് നിവാസികൾ വ്യക്തമാക്കുന്നു.
















