ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലക്ഷദ്വീപിന്റെ ജൈവവൈവിധ്യത്തെയും തദ്ദേശീയമായ പാരമ്പര്യ അറിവുകളെയും ലോകത്തിന് മുന്നിൽ സമർപ്പിച്ചുകൊണ്ട് ഒരു ശാസ്ത്ര ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്യും. കൽപേനി ദ്വീപ് സ്വദേശിയും പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ കെ.സി. അൻസാറലിയുടെയും, തളിപ്പറമ്പ് സർസയ്യിദ് കോളേജ് സസ്യശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. എ.കെ. അബ്ദുൽ സലാമിന്റെയും ‘എത്തനോബോട്ടണി ഓഫ് ലക്ഷദ്വീപ്’ (Ethnobotany of Lakshadweep) എന്ന ഗ്രന്ഥമാണ് ലോകശ്രദ്ധ നേടുന്നത്. ലക്ഷദ്വീപിന്റെ സസ്യവൈവിധ്യങ്ങളെയും പാരമ്പര്യ അറിവുകളെയും കുറിച്ച് ദീർഘകാലം നടത്തിയ പഠനത്തിലൂടെ ഡോക്ടറേറ്റ് നേടിയ അൻസാറലി, സർസയ്യിദ് കോളേജിൽ നിന്ന് ഡോക്ടറേറ്റ് നേടുന്ന ദ്വീപിൽ നിന്നുള്ള ആദ്യ പൂർവ വിദ്യാർത്ഥി കൂടിയാണ്. കണ്ണൂർ, ഭാരതീയാർ സർവകലാശാലകളിലെ ഗവേഷക ഗൈഡാണ് സഹ-രചയിതാവായ ഡോ. എ.കെ. അബ്ദുൽ സലാം. ലക്ഷദ്വീപിന്റെ ജൈവ വൈവിധ്യം, പാരമ്പര്യ വൈദ്യത്തിൽ സസ്യങ്ങളുടെ ഉപയോഗം, നാട്ടറിവുകളുടെ വിവരശേഖരം, സസ്യങ്ങളുടെ ശാസ്ത്രീയ വർഗ്ഗീകരണം, ആയുർവേദ സസ്യങ്ങളുടെ ആന്തരിക, രസതന്ത്ര പഠനം തുടങ്ങി വിവിധ മേഖലകൾ കോർത്തിണക്കിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. നവംബർ 6-ന് വൈകുന്നേരം ഷാർജ പുസ്തകോത്സവത്തിലെ റൈറ്റേഴ്‌സ് ഫോറം ഹാളിൽ വെച്ച് യു.എ.ഇയിലെ പ്രശസ്ത എഴുത്തുകാരിയും പരിസ്ഥിതി ശാസ്ത്രജ്ഞയുമായ മറിയം അൽ ഷെനാസിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. നിലനിൽക്കുന്ന കാലാവസ്ഥാ വ്യതിയാനവും ദ്വീപിൽ നടപ്പാക്കുന്ന പുതിയ വികസന പ്രവർത്തനങ്ങളും പരമ്പരാഗത സസ്യസമ്പത്തിനെ സമീപഭാവിയിൽ പൂർണമായും ഇല്ലാതാക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്, അതോടൊപ്പം അത്യപൂർവമായ സസ്യസമ്പത്തിൻ്റെ സംരക്ഷണത്തിനും ഗവേഷണ പ്രവർത്തനങ്ങൾ തുടരുന്നതിൻ്റെ ആവശ്യകതയും പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു. കൂടാതെ, ദ്വീപിന്റെ സസ്യ വൈവിധ്യങ്ങളെയും പ്രകൃതിയേയും പാരമ്പര്യങ്ങളേയും സമന്വയിപ്പിച്ചുകൊണ്ടുള്ള വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിലെ ഇന്തു പ്രസാധകരാണ് ലക്ഷദ്വീപിൽ നിന്നുള്ള പ്രഥമ അന്താരാഷ്ട്ര ഇംഗ്ലീഷ് ശാസ്ത്ര പുസ്തകമായ ഈ ഗ്രന്ഥം ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here