കൊച്ചി: പുതിയ ഇനം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് (അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്) ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശിനിയായ യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ ഇന്ന് സ്ഥിരീകരിച്ചു. ഗ്രാനുലോമാറ്റസ് അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് (GAM) എന്ന് തിരിച്ചറിഞ്ഞ ഈ അണുബാധക്ക് കാരണമായത്, സാധാരണയായി കാണപ്പെടുന്ന നെയ്ഗ്ലെരിയ (Naegleria) സ്പീഷിസിൽ നിന്ന് വ്യത്യസ്തമായ അകാന്തമീബ (Acanthamoeba) എന്ന വകഭേദമാണ്. ഈ വകഭേദം മൂലമുള്ള മേഖലയിലെ ആദ്യത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസാണിത്. എടപ്പള്ളിയിൽ ജോലി ചെയ്യുന്ന യുവതിയെ മൂന്നാഴ്ച മുമ്പാണ് കടുത്ത തലവേദന, ഛർദ്ദി, കണ്ണുകളുടെ ചലന വൈകല്യം എന്നിവയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എം.ആർ.ഐ സ്കാനിംഗിൽ തലച്ചോറിന്റെ ഇടതുഭാഗത്ത് പഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (CSF) വിശകലനത്തിലാണ് അകാന്തമീബ വകഭേദം മൂലമുള്ള അണുബാധ സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ച ഉടൻ തന്നെ ചികിത്സ ആരംഭിക്കുകയും യുവതി കാര്യമായ പുരോഗതി കാണിക്കുകയും ചെയ്തു. നിലവിൽ ആസ്റ്റർ മെഡ്സിറ്റിയിൽ കടുത്ത നിരീക്ഷണത്തിലാണ് യുവതി തുടരുന്നത്.

 

സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന നെയ്ഗ്ലെരിയയെ അപേക്ഷിച്ച് ഈ ഉപവിഭാഗമായ അകാന്തമീബ അപകടം കുറവാണെങ്കിലും, രോഗം നേരത്തെ കണ്ടെത്തുകയും കൃത്യ സമയത്ത് ഇടപെടൽ നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് യുവതിയെ ചികിത്സിച്ച ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോളജി & എപ്പിലെപ്‌സി മാനേജ്‌മെന്റ് സീനിയർ കൺസൾട്ടന്റ് ഡോ. സന്ദീപ് പത്മനാഭൻ പറഞ്ഞു. പൂർണ്ണമായ നാഡീ സംബന്ധമായ വീണ്ടെടുക്കൽ ഉറപ്പാക്കാൻ തുടർന്നും നിരീക്ഷിക്കുകയും ഫോളോ-അപ്പ് പരിചരണം നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റായ ഡോ. അനുപ് ആർ വാര്യർ, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. കൃഷ്ണ പ്രഭ പി എന്നിവരും ചികിത്സാ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here