
ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ലക്ഷദ്വീപിന്, നിലവിൽ ഗുരുതരമായ ഭരണപ്രതിസന്ധിയാണ് നേരിടുന്നത്. രാഷ്ട്ര ശില്പികളിൽ ഒരാളായ സർദാർ വല്ലഭായ് പട്ടേലിന്റെ ദീർഘവീക്ഷണത്തിലൂടെ പാകിസ്ഥാൻ ലക്ഷ്യമിട്ട ഈ ദ്വീപസമൂഹത്തെ ഇന്ത്യയുടെ ഭാഗമായി നിലനിർത്തിയ ചരിത്രമുണ്ട്. ആ ചരിതമാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഏകതാ നഗറിൽ നടന്ന ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേലിൻ്റെ 150-ആമത് ജന്മശതാബ്ദി ആഘോഷത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഓർമ്മിപ്പിച്ചത്. എന്നാൽ, ദ്വീപുകളുടെ ഇന്നത്തെ ഭരണപരമായ കാര്യങ്ങളിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിലാണ്.
ലക്ഷദ്വീപിനെ രക്ഷിച്ച സർദാർ പട്ടേലിന്റെ ദീർഘവീക്ഷണം
സ്വാതന്ത്ര്യാനന്തരം, മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന ലക്ഷദ്വീപ് സ്വന്തമാക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. ഈ ദ്വീപുകളുടെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ സർദാർ വല്ലഭായ് പട്ടേൽ, പാകിസ്ഥാൻ സൈന്യം കപ്പലയക്കുന്നതിന് മുൻപ് തന്നെ ഇന്ത്യൻ നാവികസേനയെ ഉടൻ ദ്വീപിലേക്ക് അയയ്ക്കാൻ നിർദ്ദേശിച്ചു. ഇന്ത്യൻ നാവികസേന പാക് സേനയ്ക്ക് മുൻപേ ദ്വീപിലെത്തി ഇന്ത്യൻ പതാക ഉയർത്തുകയും, ലക്ഷദ്വീപിന്റെ ഭരണപരമായ അവകാശം ഇന്ത്യ ഉറപ്പിക്കുകയും ചെയ്തു. പട്ടേലിന്റെ ഈ സമയബന്ധിതമായ ഇടപെടൽ കാരണമാണ് അറബിക്കടലിലെ ഈ സുപ്രധാന ഭൂപ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിന്നത്.
നിലവിലെ ഗുരുതരമായ ഭരണപരമായ പ്രശ്നങ്ങൾ
ഇത്രയും വലിയ ചരിത്രപരമായ പ്രാധാന്യമുള്ള ലക്ഷദ്വീപിൽ, നിലവിലെ ഭരണകൂടം ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കുന്നില്ലെന്നതാണ് നമ്മെ അദ്ഭുതപ്പെടുത്തുന്നത്. ദ്വീപ് നിവാസികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി നയങ്ങളാണ് ഇവിടെ നടപ്പിലാക്കുന്നത്.
ഭൂമി കൈയേറ്റ ശ്രമങ്ങൾ : ദ്വീപ് നിവാസികളുടെ ഭൂമി അന്യായമായി കൈയേറി കോർപ്പറേറ്റുകൾക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമങ്ങൾ ലക്ഷദ്വീപ് ഭരണകൂടം നേരിട്ട് നടത്തുകയാണ്. പണ്ടാരം ഭൂമികൾ ഉൾപ്പെടെ ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങൾ കാലാകാലങ്ങളായി കൈവശം വെച്ചു പോരുന്ന ഭൂമികൾ സർക്കാർ ഭൂമിയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി എക്സിക്യൂട്ടീവ് ഉത്തരവുകൾ വരെ ഇറക്കുകയാണ്. അതിനായി ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു. സർക്കാർ ഏറ്റെടുക്കുന്ന ഭൂമികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാതിരിക്കാൻ നിയമത്തിൽ ബോധപൂർവ്വം പഴുതുകൾ ഉണ്ടാക്കാൻ വളഞ്ഞ വഴിയിലൂടെ ശ്രമിക്കുന്നു. ഇതിനെല്ലാം എതിരെ വലിയ ഫീസ് നൽകി ഭൂ ഉടമകൾ കോടതികളിൽ കേസ് നടത്തുകയാണ്.
തൊഴിൽ നഷ്ടം: ആയിരക്കണക്കിന് കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ലക്ഷദ്വീപിന്റെ സമ്പത്ത് ഘടന തന്നെ ഇതുമൂലം താറുമാറായി. ഇപ്പോൾ സർക്കാർ മേഖലയിലെ ആയിരക്കണക്കിന് സ്ഥിരം തസ്തികകൾ നിർത്തലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
പ്രാദേശിക സ്വയംഭരണവും നിയമസഭാ ആവശ്യവും
ലക്ഷദ്വീപിന്റെ തനതായ സംസ്കാരവും ആവശ്യകതകളും പരിഗണിച്ച് പ്രാദേശിക സ്വയംഭരണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ദ്വീപിൽ 2022-ന് ശേഷം പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടന്നിട്ടില്ല. ഇത് പ്രാദേശിക സ്വയംഭരണം നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്.
പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യം ദ്വീപിൽ ഒരു നിയമസഭ സ്ഥാപിക്കുക എന്നതാണ്. ദ്വീപുകളുടെ പ്രത്യേക ആവശ്യങ്ങൾ നിയമപരമായി തീരുമാനിക്കാനും ഭരണപരമായ കാര്യങ്ങളിൽ ജനങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാനും ഒരു നിയമസഭ അത്യന്താപേക്ഷിതമാണ്. നിലവിലെ ഭരണസംവിധാനം പ്രാദേശിക ആവശ്യങ്ങൾ അവഗണിക്കുന്ന സാഹചര്യത്തിൽ, ജനാധിപത്യപരമായ പ്രാതിനിധ്യം ലക്ഷദ്വീപിന്റെ ഭാവിയ്ക്ക് അനിവാര്യമാണ്.
ലക്ഷദ്വീപിനെ ഇന്ത്യാ മഹാരാജ്യത്തോട് ചേർത്തു നിർത്തുന്നതിൽ ധീരമായ നിലപാടെടുത്ത സർദാർ വല്ലഭായി പട്ടേലിൻ്റെ ഓർമ്മകൾ അയവിറക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, അവർ തന്നെ ലക്ഷദ്വീപിലേക്ക് പറഞ്ഞയച്ച പ്രഫുൽ ഘോഡാ പട്ടേലിനെ വിസ്മരിക്കുകയാണ്. ലക്ഷദ്വീപ് എന്ന വാക്ക് ഉച്ചരിക്കുമ്പോഴെല്ലാം, അഞ്ചു വർഷം കൊണ്ട് ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം ഇടിച്ചു താഴ്ത്തിയ പ്രഫുൽ ഘോഡാ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്ററെ കൂടി കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ചുമതല കൂടി വഹിക്കുന്ന അമിത്ഷാ എന്ന ആഭ്യന്തരമന്ത്രി ഓർക്കണമായിരുന്നു. നിങ്ങൾ ചെങ്കോലും കിരീടവും നൽകി ലക്ഷദ്വീപിലേക്ക് പറഞ്ഞയച്ച പുതിയ പട്ടേൽ ഇവിടുത്തെ ജനങ്ങളോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ ഏകാധിപത്യ ഭരണം കൂടി രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രിയായ അങ്ങ് മനസ്സിലാക്കാൻ ശ്രമിക്കണം. സർദാർ വല്ലഭായി പട്ടേൽ ഞങ്ങളെ ഇന്ത്യാ മഹാരാജ്യത്തോട് ചേർത്തു നിർത്തിയത് ഞങ്ങൾക്ക് കൂടി അഭിമാനത്തോടെ ജീവിക്കാനുള്ള അർഹത ലഭിക്കാനാണ്. അത് ഹനിക്കുന്ന ഭരണാധികാരിയെ തിരിച്ചു വിളിച്ചു കൊണ്ട് ലക്ഷദ്വീപിലെ ജനങ്ങളോടും സർദാർ വല്ലഭായി പട്ടേലിനോടും നീതി പുലർത്താൻ ബാധ്യതയുണ്ടെന്ന് സ്വയം തിരിച്ചറിയാൻ രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രിക്ക് സാധിക്കട്ടെ.
















