
ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഭരണഘടനാ വിരുദ്ധമായി കിൽത്താൻ ദ്വീപിലെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചതിനെതിരെ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിനോട് വിശദീകരണം ആവശ്യപ്പെട്ടു.
NYC സംസ്ഥാന സെക്രട്ടറിയും, സാമൂഹിക പ്രവർത്തകനുമായ ശ്രീ. മഹദാ ഹുസൈൻ ടി. ഐ, കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2025 സെപ്റ്റംബർ 27ന് നൽകിയ പരാതിയിൽ, ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഷെഡ്യൂൾഡ് ഏരിയയായ ലക്ഷദ്വീപിലെ ഭൂമി, ഗ്രാമസഭയുടെ അനുമതിയും, ഷെഡ്യൂൾഡ് ട്രൈബ്സിന്റെ അനുമതിയും കൂടാതെയാണ് ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
പരാതി ഭരണഘടനാ വിരുദ്ധമായ ഭൂമി ഏറ്റെടുക്കൽ ഉത്തരവിനെതിരെ ഉള്ളതാണെന്ന് വ്യക്തമാക്കുകയും. അഡ്മിനിസ്‌ട്രേറ്റർ മഹദാ ഹുസൈന് കൃത്യമായ മറുപടി നൽകണമെന്നും, അതിന്റെ വിവരങ്ങൾ മന്ത്രാലയത്തെയും അറിയിക്കണമെന്നുമാണ് നിർദേശം.
കൂടുതൽ തുടർ നടപടികൾക്കായി പരാതിയുടെ പകർപ്പ് നാഷണൽ ഷെഡ്യുൾ ട്രൈബ് കമ്മീഷനും, ഗോത്രകാര്യ മന്ത്രാലയത്തിന്റെ സെൻട്രൽ ആൻഡ് ലാൻഡ് മാനേജ്മെൻ്റ് (C\&LM) ഡിവിഷനും കൈമാറിയിട്ടുണ്ട്. ലക്ഷദ്വീപിലെ ഭൂമി പിടിച്ചെടുക്കാനുള്ള ഭരണകൂട നീക്കങ്ങൾക്ക് എതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾ തനിക്കൊപ്പം ഉണ്ടാവുമെന്ന് മഹദാ ഹുസൈൻ വ്യക്തമാക്കി.
















