
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം, 2025-ന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതി മുൻപാകെ ലക്ഷദ്വീപ് എം.പി അഡ്വ ഹംദുള്ളാ സഈദ് റിറ്റ് ഹർജി നൽകി.
2025-ലെ ഭേദഗതിയിലൂടെ 1995-ലെ വഖഫ് ആക്ടിൽ ചേർത്ത സെക്ഷൻ 3E ആണ് ഹർജിക്കാരനായ ഹംദുള്ളാ സഈദ് നേരിട്ട് ചോദ്യം ചെയ്യുന്നത്. ഭരണഘടനയിലെ അഞ്ച്, ആറ് ഷെഡ്യൂളുകളിൽ ഉൾപ്പെടുന്ന ഭൂമിശാസ്ത്രപരമായി പട്ടിക വർഗ്ഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവരുടെ വസ്തുക്കൾ വഖഫ് ചെയ്യാനുള്ള അവകാശം പുതിയ ഭേദഗതിയിലൂടെ നിഷേധിക്കുകയാണ്. ഇത് ചോദ്യം ചെയ്താണ് ഹംദുള്ളാ സഈദ് സുപ്രീംകോടതിയിൽ റിട്ട് ഫയൽ ചെയ്തത്.
ലക്ഷദ്വീപ് ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം പട്ടികവർഗ്ഗ പ്രദേശമായി അംഗീകരിച്ചതാണ്. പുതിയ നിയമം അനുസരിച്ച് ലക്ഷദ്വീപ് ഉൾപെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് മതത്തിന്റെ കാതലായ വഖഫ് തിരഞ്ഞെടുക്കുമ്പോൾ പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നും ഒഴിവാക്കേണ്ട അവസ്ഥയാണ്. ഇത് ഭരണഘടനയുടെ ആർട്ടിക്കിള്‍ 14 (നിയമത്തിന് മുമ്പിലുള്ള സമത്വം), 25, 26 (മതസ്വാതന്ത്ര്യം), 300A (സ്വത്തുഅവകാശം) എന്നീ അടിസ്ഥാനാവകാശങ്ങളെ ലംഘിക്കുന്നു.
“പട്ടികവർഗ്ഗ ഭൂമികളെ സംരക്ഷിക്കാൻ enact ചെയ്തുവെന്നത് പ്രസ്താവിച്ചിട്ടുള്ളുവെങ്കിലും, പ്രസ്തുത വ്യവസ്ഥ Schedule Tribe വിഭാഗത്തിൽപ്പെട്ട മുസ്ലിം അംഗങ്ങളുടെ അടിസ്ഥാനാവകാശങ്ങളിൽ അന്യായവും അനുപാതികവുമായ നിയന്ത്രണം ഏർപ്പെടുത്തുന്നു. സംസ്ഥാന താല്പര്യങ്ങൾക്ക് അനുസൃതമായി കുറച്ചുകൂടി മിതമായ രീതിയിലുള്ള നിയമനിർമ്മാണം മതപരമായ ആചാരങ്ങൾ മുഴുവനായി ഇല്ലാതാക്കാതെ തന്നെ സാധിക്കുമായിരുന്നു. ജമ്മു കശ്മീരിലെ ബക്കർവാൾസ്, ഉത്തരേന്ത്യയിൽ വ്യാപിച്ചുനിൽക്കുന്ന നാറ്റ് കമ്മ്യൂണിറ്റി എന്നിവ Fifth Schedule പ്രദേശങ്ങളിലെ ഇസ്ലാം മതം പിന്തുടരുന്ന ഗോത്ര വിഭാഗങ്ങൾക്കിടയിൽ അടങ്ങുന്നു. Sixth Schedule പ്രദേശങ്ങളിലും ഇസ്ലാം മതം പിന്തുടരുന്ന Schedule Tribe അംഗങ്ങളെ കണ്ടെത്താൻ കഴിയും” എന്ന് ഹർജിയിൽ പറയുന്നു.
ഇതിന്റെ ഭാഗമായി, മതപരമായ ധാർമ്മിക ബാധ്യതകൾ നിർവഹിക്കാൻ ഇസ്ലാം മതം പിന്തുടരുന്ന Schedule Tribe അംഗങ്ങളെ അനുവദിക്കാതെ, Tribal അല്ലാത്ത മുസ്ലിംകളെ അനുവദിക്കുന്നതിലൂടെ വഖഫ് നിയമ ഭേദഗതി വർഗീയതക്കും വിവേചനത്തിനും കാരണമാകുന്നു. ഇത് ഭരണഘടനയിലെ ആർട്ടിക്കിള്‍ 14 ലംഘിക്കുന്നതായും വ്യക്തിയുടെ സ്വത്ത് താനിഷ്ടപ്പെട്ട വിധത്തിൽ ഉപയോഗിക്കുന്നതിൽ അന്യായമായ നിയന്ത്രണമാണിതെന്നും ഹർജിക്കാരൻ ഉന്നയിക്കുന്നു.
ഇതിന് മുമ്പ്, മണിപ്പൂർ നിയമസഭയിലെ അംഗമായ ഷെയ്ഖ് നൂറുള്‍ ഹസ്സൻ, സമാനമായ ആക്ഷേപങ്ങൾ ഉന്നയിച്ച് അതേ വ്യവസ്ഥയ്ക്ക് എതിരെ മറ്റൊരു ഹർജിയും സമർപ്പിച്ചിരുന്നു. ഇതുൾപ്പെടെ വിവിധ വ്യക്തികളും സംഘടനകളും സമർപ്പിച്ച 73 കേസുകളാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നത്. ഹരജികളിൽ സുപ്രീം കോടതിയുടെ സുപ്രധാനമായ ഇടക്കാല ഉത്തരവും വന്നിട്ടുണ്ട്. വഖഫ് ബോർഡുകളിലെയും കേന്ദ്ര വഖഫ് കൗൺസിലിലെയും എക്സ് ഒഫീഷ്വോ അംഗങ്ങൾ ഒഴികെ ബാക്കിയെല്ലാവരും മുസ്ലിംകൾ ആയിരിക്കണം, വഖഫ് സ്വത്തുക്കളിൽ നിലവിലെ സ്ഥിതി തുടരണം, വഖഫ് സ്വത്തുക്കൾ ഡി നോട്ടിഫൈ ചെയ്യരുത് തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളാണ് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ഹംദുള്ളാ സഈദിന് വേണ്ടി പ്രമുഖ അഭിഭാഷകനായ അനസ് തൻവീറാണ് ഹാജരായത്.
