ഡൽഹി: ഭാരതത്തിൻ്റെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഒരുങ്ങി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള ‘മേരാ യുവ ഭാരത്’ (My Youth India) ആണ് രാജ്യമെമ്പാടും രണ്ടുമാസക്കാലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.

നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിലൂടെ ഐക്യഭാരതം കെട്ടിപ്പടുക്കുന്നതിൽ സർദാർ വല്ലഭായി പട്ടേൽ വഹിച്ച പങ്ക് യുവജനങ്ങൾക്കിടയിൽ എത്തിക്കുക, രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിൽ യുവജന പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ഈ പരിപാടികളുടെ പ്രധാന ലക്ഷ്യങ്ങളെന്ന് സംഘാടകർ അറിയിച്ചു.

 

2025 ഒക്ടോബർ 31 ന് ആരംഭിച്ച് നവംബർ 16 വരെയാണ് ആദ്യഘട്ട പരിപാടികൾ നടക്കുക. ഇതിന്റെ ഭാഗമായി പദയാത്രകൾ, യൂണിറ്റി മാർച്ച് എന്നിവ രാജ്യമെമ്പാടും സംഘടിപ്പിക്കും.

കൂടാതെ, യുവജനങ്ങളെ ആകർഷിക്കുന്നതിനായി സോഷ്യൽ മീഡിയ റീൽ മത്സരങ്ങൾ, ഉപന്യാസ രചന, സർദാർ @150 യങ് ലീഡേഴ്സ് ക്വിസ് (Sardar @ 150 Young Leaders Quiz) തുടങ്ങിയ മത്സരങ്ങളും നടത്തും.

പരിപാടികളുടെ വിശദ വിവരങ്ങൾ അറിയുന്നതിനും രജിസ്ട്രേഷനും ആയി ‘സർദാർ @150 യൂണിറ്റി മാർച്ച്’ എന്ന മൈ ഭാരത് പോർട്ടൽ (https://mybharat.gov.in/pages/unity march) സന്ദർശിക്കാവുന്നതാണ്.

ദേശീയതലത്തിൽ നടക്കുന്ന പ്രധാന പരിപാടിയായ പദയാത്ര, ഭരണഘടനാ ദിനമായ 2025 നവംബർ 26 ന് സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മസ്ഥലമായ ഗുജറാത്തിലെ കരംസാദിൽ നിന്ന് ആരംഭിക്കും. ഈ പദയാത്ര 2025 ഡിസംബർ 6 ന് കെവാഡിയയിലെ ‘ഏകതാ പ്രതിമ’യിൽ (Statue of Unity) സമാപിക്കും. കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പദയാത്രയ്ക്ക് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here