
കവരത്തി: കവരത്തിയിലെ ഫിറ്റ്മാനിയ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തു. കവരത്തി സെക്രട്ടേറിയറ്റ് റോഡ് ബി.എസ്.എൻ.എൽ ഓഫീസിന് സമീപമുള്ള സൈന മാർവൽ കെട്ടിടത്തിൽ ആരംഭിച്ച ഫിറ്റ്നസ് സെന്റർ ഏപ്രിൽ പതിനൊന്ന് 7:15 നാണ് ഉദ്ഘാടനം നടന്നത്. ഉദ്ഘാടനത്തിന് അന്താരാഷ്ട്ര ബീച്ച് സോക്കർ കളിക്കാരൻ മുഹമ്മദ് അക്രം മുഖ്യാതിഥിയായി എത്തി.
അന്താരാഷ്ട്ര തലത്തിലുള്ള പരിശീലകരും ആധുനിക ജിം മെഷിനറികളും ഉൾക്കൊള്ളുന്ന അത്യാധുനിക ഫിറ്റ്നസ് സൗകര്യത്തോടെയാണ് പുതിയ ഫിറ്റ്നസ് സെന്ററിന്റെ തുടക്കം. ഫിറ്റ്മാനിയ ഫിറ്റ്നസ് സെന്ററിന് ലക്ഷദ്വീപിലെ ജനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഫിറ്റ്നസ് അനുഭവം നൽകാൻ കഴിയുമെന്ന് ഫിറ്റ്മാനിയ അധികൃതർ ഉറപ്പു നൽകുന്നു.
ഉദ്ഘാടന പ്രസംഘത്തിനിടെ മുഹമ്മദ് അക്രം ഫിറ്റ്നസ്സിന്റെ പ്രാധാന്യം ദ്വീപ് ജനങ്ങളോട് വിവരിച്ചു. കൂടാതെ യുവാക്കൾ കായിക രംഗത്തും ഫിറ്റ്നസിലും പങ്കാളികളാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിറ്റ്മാനിയ ഫിറ്റ്നസ് സെന്ററിന് പിന്നിലെ സംരംഭകരുടെ പ്രയത്നത്തെയും അക്രം പ്രശംസിച്ചു.
വിവിധ പരിശീലന പരിപാടികളും വ്യക്തിഗത പരിശീലന ഓപ്ഷനുകളും ഉൾക്കൊള്ളുന്ന ഫിറ്റ്മാനിയ, കവരത്തിയിലെ ഫിറ്റ്നസ് സജീവതക്ക് പുതുജീവൻ നൽകും. ഇതാദ്യമായാണ് ലക്ഷദ്വീപിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഫിറ്റ്നസ് സെന്റർ സ്വകാര്യ മേഖലയിൽ ആരംഭിക്കുന്നത്. ഫിറ്റ്നസ് മേഖലയിൽ ലക്ഷദ്വീപ് ഉയർന്ന തലത്തിലേക്ക് എത്താൻ ഇതൊരു വഴിതിരിവാകുമെന്നാണ് പ്രതീക്ഷ.
