
കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (LDCL) യാത്രാ മാനദണ്ഡങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് പുതിയ സർക്കുലർ പുറത്തിറക്കി. ഒരു ദ്വീപിലേക്ക് ടിക്കറ്റ് എടുത്ത് മറ്റൊരു ദ്വീപിൽ ഇറങ്ങുന്ന പ്രവണത യാത്രക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇത്തരം പ്രവൃത്തികൾ ക്രമവിരുദ്ധമാണെന്നും നിയമപരമായ ചട്ടങ്ങളുടെ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ ഉത്തരവ് പ്രകാരം, കൈവശമുള്ള ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ദ്വീപുകളിൽ മാത്രമേ യാത്രക്കാർക്ക് ഇനി മുതൽ ഇറങ്ങാൻ അനുവാദമുള്ളൂ. കപ്പലുകളിലെയും ബോട്ടുകളിലെയും മാസ്റ്റർമാർ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും, യാതൊരു കാരണവശാലും ടിക്കറ്റില്ലാത്ത ദ്വീപുകളിൽ യാത്രക്കാരെ ഇറങ്ങാൻ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും എൽ.ഡി.സി.എൽ ജനറൽ മാനേജർ അറിയിച്ചു.
















