കവരത്തി: ലക്ഷദ്വീപിൽ വർദ്ധിച്ചുവരുന്ന പോക്സോ (POCSO) കേസുകളുടെ പശ്ചാത്തലത്തിൽ പൊതുജന അവബോധം ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് ലക്ഷദ്വീപ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഹിദായ ചേര്യന്നല്ലാൽ. ഇത്തരം കേസുകളിൽ പ്രതികൾ അറസ്റ്റ് ചെയ്യപ്പെടുന്നതും ജാമ്യത്തിൽ ഇറങ്ങുന്നതും പലപ്പോഴും വാർത്തയാകാറുണ്ടെങ്കിലും, വിചാരണയ്ക്ക് ശേഷം കോടതി വിധിക്കുന്ന കഠിനമായ ശിക്ഷകളെക്കുറിച്ചും അവയുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും പൊതുസമൂഹം വേണ്ടത്ര ബോധവാന്മാരല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പോക്സോ കേസുകളിൽ ഇരകളായ കുട്ടികളുടെ മൊഴിക്ക് നിയമപരമായി വലിയ പ്രാധാന്യമുണ്ടെന്നും, മറ്റ് സാഹചര്യങ്ങൾ അനുകൂലമായാലും കുട്ടിയുടെ മൊഴി വിശ്വസനീയമാണെങ്കിൽ പ്രതിക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നും യുവാക്കൾ തിരിച്ചറിയണം. ദീർഘകാല ജയിൽവാസം പ്രതിയുടെ ജീവിതത്തെ മാത്രമല്ല, അവരുടെ കുടുംബത്തെയും മക്കളെയും വലിയ രീതിയിലുള്ള സാമൂഹിക ഒറ്റപ്പെടലിലേക്കും പ്രതിസന്ധികളിലേക്കും തള്ളിവിടുമെന്ന ഗൗരവകരമായ യാഥാർത്ഥ്യം സമൂഹം ഉൾക്കൊള്ളേണ്ടതുണ്ട്.

Advertisement

അടുത്തിടെ ദ്വീപിലുണ്ടായ വിവിധ കോടതി വിധികൾ നിയമത്തിന്റെ കർശനത വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ ഫെബ്രുവരി ആറിന് കിൽത്താൻ സ്വദേശികളായ രണ്ടുപേർക്ക് 53 വർഷം തടവും പിഴയും കവരത്തി സെഷൻസ് കോടതി വിധിച്ചിരുന്നു. 2025 ഡിസംബറിൽ കൽപേനി സ്വദേശിയെയും ശിക്ഷിച്ചിരുന്നു. കൂടാതെ, മിനിക്കോയ്, കവരത്തി സ്വദേശികളായ പ്രതികൾ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. മാധ്യമങ്ങളുടെ പരിമിതികൾ കാരണം ഇത്തരം കടുത്ത ശിക്ഷാവിവരങ്ങൾ പലപ്പോഴും പൊതുജനങ്ങളിലേക്ക് എത്തുന്നില്ല. നിയമത്തിന്റെ പഴുതുകളില്ലാത്ത കർശനതയും ശിക്ഷാ വിവരങ്ങളും സമൂഹത്തിൽ കൃത്യമായി പ്രചരിപ്പിക്കപ്പെട്ടാൽ മാത്രമേ ഇത്തരം ഹീനകൃത്യങ്ങൾ തടയാൻ സാധിക്കൂ എന്നും, ഇതിനായി അഡ്മിനിസ്‌ട്രേഷനും പോലീസും ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കണമെന്നും അഡ്വ. ഹിദായ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here