
കവരത്തി : സാവോ ടോമെ പ്രിൻസിപ് തീരത്തു നടന്ന കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ “ബിറ്റു റിവർ” കപ്പലിലെ ജീവനക്കാരനായ ലക്ഷദ്വീപ് മിനിക്കോയി സ്വദേശി ആസിഫ് അലി ഉൾപ്പെടെ ഏഴു ഇന്ത്യക്കാർ ബന്ധിയാക്കപ്പെട്ട സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സഈദ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്തയച്ചു.
ആസിഫ് അലിയുടെയും സംഘത്തിന്റെയും പൂർണമായ വിവരങ്ങൾ കുടുംബങ്ങൾക്ക് ലഭ്യമാവുന്നില്ലെന്നും അവരുടെ സുരക്ഷയിൽ ആശങ്ക നിലനിൽക്കുന്നുവെന്നും എത്രയും പെട്ടന്ന് പ്രതിസന്ധി പരിഹരിച്ച് അവരെ നാട്ടിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് നിവേദനത്തിന്റെ ഉള്ളടക്കം. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ട് ബന്ധിയാക്കപ്പെട്ട നാവികരുടെ സുരക്ഷിതമായ തിരിച്ചുവരവിനായി ഔദ്യോഗികമായ ഇടപെടൽ ഉടനടി പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ലക്ഷദ്വീപ് സ്വദേശികൾ.
