അഗത്തി: അഗത്തി ദ്വീപിൽ യുവാക്കളുടെ കൂട്ടായ്മയായ ജവഹർ ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. യുവാക്കളുടെ ഉണർവ്വ് പ്രകടമാക്കുന്ന മാതൃകാപരമായ യാത്രയിൽ ദ്വീപിലെ മറ്റു ക്ലബ്‌ അംഗങ്ങളും അണിനിരന്നു. മാർച്ച് 28-ന് ജവഹർ ക്ലബ് പ്രസിഡന്റ് മുഹമ്മദ്‌ റഫീഖ് എം കെ ഫ്ലാഗ് ഓഫ് ചെയ്ത് വാഹന റാലിക്ക് തുടക്കം കുറിച്ചു.

വർദ്ധിച്ചു വരുന്ന എം ഡി എം എ ഉൾപ്പെടെയുള്ള മാരകമായ ലഹരിയുടെ ഉപയോഗം പൂർണമായും ദ്വീപിൽ നിന്നും ഇല്ലായ്മ ചെയ്യുക എന്നതാണ് യാത്രയുടെ ഉദ്ദേശം. “ലഹരി ഒരു വ്യക്തിയെയും കുടുംബത്തെയും നശിപ്പിക്കാൻ ഇടയാക്കുന്ന മഹാ വിപത്താണ്”. അതിനെതിരെ എല്ലാ തരത്തിലും ജനങ്ങൾ ഒന്നിച്ചുനില്ക്കണം എന്ന ലക്ഷ്യത്തോടെയാണ് ജവഹർ ക്ലബ്‌ ദ്വീപിൽ പ്രവർത്തിക്കുന്നത്. കൂടാതെ ലഹരിക്കെതിരായ പ്രചാരണത്തിന് പുറമേ നിരവധി കാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക ഇടപെടലുകളിലും ക്ലബ്ബ് സജീവമാണ്.

യുവാക്കൾക്കിടയിൽ സാമൂഹിക ബാധ്യതയുടെയും പൊതുപ്രവർത്തനത്തിന്റെയും മഹത്ത്വം ഉയർത്തിക്കാട്ടുന്ന ഇവരുടെ ഈ ചുവടുവയ്പ്പ് ദ്വീപിലെ പുതിയ തലമുറയ്ക്കു വലിയ പ്രചോദനമാണ്. ലഹരിക്കെതിരായ പോരാട്ടം തുടർന്ന് കൊണ്ട് തന്നെയിരിക്കുമെന്ന് ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here