
റിപ്പോർട്ട്: അബ്ദുൽ സലാം കെ.കെ
കവരത്തി: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ ലക്ഷദ്വീപിലെ പത്തു ദ്വീപുകളിലും വിപുലമോയി ആഘോഷിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ആഭിമുഖ്യത്തിൽ തലസ്ഥാന ദ്വീപായ കവരത്തി സ്ക്കൂൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് സന്ദീപ് കുമാർ ഐ.എ.എസ് ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു. ജില്ലാ ജഡ്ജി അനിൽ കെ ബാസ്കർ, ലക്ഷദ്വീപ് എം.പി അഡ്വ ഹംദുള്ളാ സഈദ്, ജില്ലാ കളക്ടർ ഡോ.ഗിരി ശങ്കർ ഐ.എ.എസ്, ഉൾപ്പെടെ മറ്റ് വിവിധ രാഷ്ട്രീയ സാമൂഹിക, സാംസ്ക്കാരിക പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
സ്‌റ്റേഡിയത്തിൽ ദ്വിപ് നിവാസികളുടെ തിങ്ങി നിറഞ്ഞ സാന്നിദ്ധ്യത്തിൽ പരേഡ് കമാൻഡർ ഐ.ആർ.ബി.എൻ സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംറാൻ ഖാൻ നയിച്ച പരേഡിൽ സി.ആർ.പി.എഫ്, ലക്ഷദ്വീപ് പോലീസ്, ഇന്ത്യാ റിസർവ് ബെറ്റാലിയൻ, പോലീസ് ബാന്റ, എൻ.സി.സി, എൻ.എസ്.എസ്, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ 16 പ്ലാറ്റൂണുകൾ പങ്കെടുത്തു. ലക്ഷദ്വീപ് നിവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതികം, ടുറിസം, ഗതാഗതം, മത്സ്യബന്ധനം, കാർഷികം ഉൾപ്പെടെയുള്ള മേഖലകളിൽ സുപ്രധാനമായ വികസന പദ്ധതികൾക്ക് ദ്വീപ് തലങ്ങളിലായി അഡ്മിനിസ്ട്രേഷൻ തുടക്കം കുറിച്ചതായി റിപ്പബ്ലിക്ക് ദിനാഘോഷ പ്രസംഗത്തിൽ അഡ് വൈസർ സന്ദീപ് കുമാർ പറഞ്ഞു.
മറ്റ് 9 ദ്വീപുകളിലും സ്ഥലത്തെ ഡെപ്യൂട്ടി കലക്ടർമാർ, ഡാനിക്സ് ഉദ്യോഗസ്ഥർ എന്നിവർ ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു.
