
കവരത്തി: ഈ മാസം പതിനഞ്ചാം തിയ്യതി കവരത്തിയിൽ നിന്നും യാത്രക്കാരുമായി സുഹലിയിലേക്ക് പോയി എഞ്ചിൻ തകരാറിലായ മുഹമ്മദ് കാസിം-|| എന്ന ബോട്ട് നിയമം ലംഘിച്ചതായി കണ്ടെത്തി. ബോട്ടിന്റെ ലൈസൻസ് നാല് മാസത്തേക്ക് റദ്ദാക്കിയതായി അറിയിച്ചു കൊണ്ട് ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഉത്തരവിറക്കി.
ഫിഷിംഗ് ബോട്ടായി രജിസ്റ്റർ ചെയ്ത മുഹമ്മദ് കാസിം-|| എന്ന ബോട്ടിൽ യാത്രക്കാരെ കയറ്റിയതായി ഫിഷറീസ് വകുപ്പ് കണ്ടെത്തി. ഇത് 1958-ലെ മെർച്ചന്റ് ഷിപ്പിങ്ങ് ആക്ട്, ലക്ഷദ്വീപ് മർച്ചന്റ്സ് ഫിഷിംഗ് റഗുലേഷൻ എന്നിവയുടെ ലംഘനമാണെന്ന് ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. കടലിൽ പോവുമ്പോൾ നിർബന്ധമായും കരുതേണ്ട ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ബോട്ടിൽ ഉണ്ടായിരുന്നില്ല എന്നും ഫിഷറീസ് വകുപ്പ് കണ്ടെത്തി. ഇത്തരം കണ്ടെത്തലുകളുടെ വെളിച്ചത്തിലാണ് മുഹമ്മദ് കാസിം എന്ന ബോട്ടിന്റെ ലൈസൻസ് നാല് മാസത്തേക്ക് റദ്ദാക്കിയതായി ഫിഷറീസ് വകുപ്പ് അറിയിച്ചത്. സസ്പെൻഷൻ കാലാവധിയിൽ ഒരു ആവശ്യത്തിനായും ബോട്ട് ഉപയോഗിക്കാൻ പാടില്ല. ഭാവിയിൽ ബോട്ട് ഓടുന്നതിന് മുൻപ് ആവശ്യമായ അനുമതി ഫിഷറീസ് വകുപ്പിൽ നിന്നും നേടണം. കൂടാതെ, വെരിഫൈ ചെയ്ത ക്രൂ ലിസ്റ്റ് ഫിഷറീസ് വകുപ്പിന് കൈമാറുകയും വേണം എന്നും ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
