കവരത്തി: അധ്യാപകരുടെ ഹിന്ദി പ്രാവീണ്യം പരിശോധിക്കാൻ പ്രത്യേക അസസ്മെന്റ് നടത്താനൊരുങ്ങി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്. ഇതിനായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ രാകേഷ് ദാഹിയ ഡാനിക്സ് ഉത്തരവിറക്കി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം ദേവനാഗരി ലിപിയിലുള്ള ഹിന്ദി ഭാഷ ഇന്ത്യൻ യൂണിയന്റെ ഔദ്യോഗിക ഭാഷയാണെന്നും, അതുകൊണ്ട് തന്നെ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ അധ്യാപകരുടെ ഹിന്ദി പ്രാവീണ്യം മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെന്നും ഉത്തരവിൽ പറയുന്നു. ആയതിനാൽ അധ്യാപകരുടെ ഹിന്ദി പ്രാവീണ്യം പരിശോധിക്കാനായി പുതിയ കമ്മിറ്റിയെ നിയോഗിക്കുന്നതായി ഉത്തരവിൽ പറയുന്നു.

വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ ചെയർമാനായ കമ്മിറ്റിയുടെ കൺവീനറായി കവരത്തി ഡയറ്റിലെ നൂറുൽ ഹസനെയാണ് നിയമിച്ചിരിക്കുന്നത്. കൽപ്പേനി ദ്വീപിലെ അധ്യാപികയായ നജീമ മുംതാസ് പി, ആന്ത്രോത്ത് ദ്വീപിലെ അധ്യാപകനായ എം.പി ഹുസൈൻ, കടമത്ത് ദ്വീപിലെ അധ്യാപികയായ ബീഗം നാജിയ എം.കെ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. അധ്യാപകരുടെ ഹിന്ദി ഭാഷ പ്രാവീണ്യം മനസ്സിലാക്കാനായി മാർച്ച് മാസം അവസാനം നടത്താൻ ഉദ്ദേശിക്കുന്ന പരീക്ഷയുടെ തയ്യാറെടുപ്പ് നടത്താനായി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here