
Image: dizcoverpraveg.com
കൊച്ചി: ഷെഡ്യുൾഡ് ഏരിയായ ലക്ഷദ്വീപിലെ ഭൂമികൾ കോർപ്പറേറ്റുകൾ കയ്യേറുന്നതിനെതിരെ കേരളാ ഹൈകോടതിയിൽ പുതുതായി ഫയൽ ചെയ്ത കേസിൽ പദ്ധതി നടപ്പാക്കുന്ന പ്രവേഗ് കമ്പനിക്കും ലക്ഷദ്വീപ് ഭരണകൂടത്തിനും ഹൈക്കോടതി നോട്ടീസയച്ചു.
ലക്ഷദ്വീപ് 1950 ൽ ഷെഡ്യുൾഡ് ഏരിയയുടെ അഞ്ചാം ഷെഡ്യുളിൽ ഉൾപെടുത്തപ്പെട്ട പ്രദേശമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന ഷെഡ്യുൾ ട്രൈബ് സമൂഹം അധിവസിക്കുന്ന ഒരു പ്രദേശം കൂടിയാണ് ലക്ഷദ്വീപ്.
നിലവിൽ ലക്ഷദ്വീപിലെ ബംഗാരം, തിണ്ണകര തുടങ്ങിയ ദ്വീപുകളിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ പ്രവേഗ് പോലെയുള്ള കുത്തക കമ്പനികൾക്ക് ട്ടൂറിസത്തിനായി ഭൂമികൾ വിട്ടു നൽകി കൊണ്ടിരിക്കുകയാണ്. ഷെഡ്യുൾഡ് ട്രൈബ് പ്രൊട്ടക്ഷൻ റെഗുലേഷനും, ഭരണഘടനയുടെ ആർട്ടിക്കിൾ 244(1) ന്റെയുമെല്ലാം പരസ്യമായ ലംഘനമാണ് ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേഷൻ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് ലക്ഷദ്വീപ് സ്വദേശികളായ മഹദാ ഹുസൈൻ. ടി. ഐ, എം. കെ. അക്ബർ എന്നിവർ കേരളാ ഹൈകോടതിയിൽ പുതുതായി കേസ് ഫയൽ ചെയ്തത്. കേസ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഷെഡ്യുൾഡ് ഏരിയകളിലെ ഭൂമികൾ പുറത്ത് നിന്നുള്ളവർക്ക് നൽകാൻ പാടില്ലെന്ന് ബഹുമാനപെട്ട സുപ്രീം കോടതിയുടെ മൂന്നംഗ ഭരണഘടനാ ബെഞ്ചിന്റെ ശക്തമായ വിധി കൂടി നിലനിൽക്കുന്നുണ്ട്. ഷെഡ്യുൾ ട്രൈബ് വിഭാഗത്തിന്റെ ഭൂമി കോർപ്പറേറ്റ് കമ്പനികൾക്ക് പതിച്ചു നൽകുന്നത് തടയണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ലക്ഷദ്വീപ് സ്വദേശികളായ മഹദാ ഹുസൈൻ. ടി. ഐ, എം. കെ. അക്ബർ എന്നിവർ കേരളാ ഹൈകോടതിയെ സമീപിച്ചിതിനെ തുടർന്ന് പ്രവേഗിന് നോട്ടീസ് അയച്ചിരിക്കുകയാണ് കേരളാ ഹൈകോടതി. പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട കേസുകളെ അടക്കം സ്വാധീനിക്കാൻ കഴിവുള്ള വളരെ പ്രസക്തമായ കേസ് കൂടിയായി മാറുകയാണ് പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുമായി ബന്ധപ്പെട്ട പുതിയ കേസ്. മുൻ കേരളാ ഹൈകോടതി അഡ്വക്കറ്റ് അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ അഡ്വ. രാംകുമാർ നമ്പ്യാർ, അഡ്വ അജിത് അഞ്ജർലേക്കർ എന്നിവരാണ് കേരളാ ഹൈകോടതിയിൽ വാദി ഭാഗത്തിനു വേണ്ടി ഹാജരായത്.
