
കവരത്തി: ലക്ഷദ്വീപിലെ ജനകീയ വിഷയങ്ങളിൽ ദ്വീപ് എംപി മൗനം പാലിക്കുന്നുവെന്ന എൻ.സി.പി എസ് വാദം അടിസ്ഥാന രഹിതവും തെറ്റിധാരണാജനകവുമെന്ന് ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ്സ്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് തുടർന്ന് കൊണ്ടിരിക്കുന്ന എല്ലാ ജനവിരുദ്ധ പദ്ധതികളും മുൻ എം.പിയും എൻ.സി.പി.എസ് നേതാവുമായ മുഹമ്മദ് ഫൈസലിൻ്റെ കാലത്താണ് ആരംഭിച്ചത്. അതിനെയൊന്നും ഫലപ്രദമായി തടയാനോ ദ്വീപ് ജനതയുടെ താൽപര്യം സംരക്ഷിക്കാനോ അദ്ദേഹത്തിനും പാർട്ടിക്കും സാധിച്ചില്ല. പൊതു വേദികളിലും ചാനലുകളിലും മാത്രം വാചകമടിച്ച് നടന്നതല്ലാതെ ഒരൊറ്റ വിവാദ നടപടികളും നിർത്തിവെപ്പിക്കാനോ തടയാനോ എം.പി ആയിരുന്ന കാലയളവിൽ മുഹമ്മദ് ഫൈസലിനോ എൻസിപിക്കോ സാധിച്ചിട്ടില്ല. ഭരണരംഗത്തുള്ള അദ്ദേഹത്തിൻറെ അലസതയും ഉത്തരവാദിത്വമില്ലായ്മയും തിരിച്ചറിഞ്ഞ ലക്ഷദ്വീപ് ജനത പൊതുതെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയാണ് ഫൈസലിനെ പരാജയപ്പെടുത്തിയത്. അതിൻറെ ജാള്യത മറച്ചുവെക്കാൻ ആണ് നിലവിലുള്ള എംപി ഹംദുള്ള സഈദിൻ്റെ മേൽ കുറ്റം ചുമത്താൻ പത്രസമ്മേളനം നടത്തി അവാസ്തവമായ കാര്യങ്ങൾ വിളിച്ചു പറയേണ്ടേ ഗതികെട് ഉണ്ടായിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് എം. അലി അക്ബർ പറഞ്ഞു.
ലക്ഷദ്വീപ് എംപി എന്നുള്ള നിലയിൽ അഡ്വ.ഹംദുള്ള സഈദ് കഴിഞ്ഞ ആഗസ്റ്റിൽ നടന്ന പാർലമെൻറ് സമ്മേളനത്തിൽ ലക്ഷദ്വീപിലെ നിലവിലുള്ള എല്ലാ വിഷയങ്ങളും വളരെ പ്രാധാന്യത്തോടെ ലോകസഭയിൽ അവതരിപ്പിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. കൂടാതെ ഗതാഗത ആരോഗ്യ തൊഴിൽ വിഷയങ്ങളിൽ ബന്ധപ്പെട്ട അധികാരികളെ നേരിട്ട് കണ്ട് നിരവധി കൂടിക്കാഴ്ചകളും ഇടപെടലുകളും എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. വിവാദ ടെൻറ് സിറ്റി നിർമ്മാണം നടക്കുന്ന തിണ്ണകര ദ്വീപിൽ ഭൂ ഉടമകളുടെ ആശങ്കകൾ മനസ്സിലാക്കാൻ സന്ദർശനം നടത്തുകയും ഉടമകളുടെ നിയമ പോരാട്ടത്തിന് എം.പി എന്ന നിലയിൽ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന ജനവിരുദ്ധ ഉത്തരവുകൾക്കെതിരെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ബഹുജന ഒപ്പ് ശേഖരണവും ഭീമഹർജി സമർപ്പണവും നടന്നിരുന്നു. എന്നാൽ മേൽ വിഷയങ്ങളിൽ യാതൊരു തരത്തിലുള്ള ഇടപെടലും എൻസിപിഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അനധികൃത നിർമ്മാണം നടക്കുന്ന തിണ്ണകര ദ്വീപ് സന്ദർശിക്കാൻ ഭൂഉടമകൾ ആവശ്യപ്പെട്ടിട്ടും മുൻ എംപി മുഹമ്മദ് ഫൈസൽ തയ്യാറാകാത്തതും അഡ്മിനിസ്ട്രേഷൻ നയങ്ങളോട് എൻസിപിഎസ് പുലർത്തുന്ന അനുകൂല സമീപനമാണ് വെളിച്ചത്തു കൊണ്ടുവരുന്നത് എന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു.
ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾക്ക് മോഹവില നൽകി അവരുടെ മാസ് മീൻ കൈക്കലാക്കുകയും ഒടുവിൽ പറഞ്ഞ വില ലഭ്യമാക്കാതെ വഞ്ചിക്കുകയും ചെയ്തത് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപ് മാർക്കറ്റിംഗ് ഫെഡറേഷൻ എന്ന പൊതു സ്ഥാപനത്തെ മറയാക്കി നടത്തിയ വൻ അഴിമതിയാണ് എന്നതിൽ ആർക്കും തർക്കമില്ല. പൊതു ഖജനാവിന് നഷ്ടം സംഭവിച്ചിട്ടില്ല എന്ന് പറയുന്നവർ മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായ നഷ്ടം ആര് നികത്തും എന്ന് കൂടി വ്യക്തമാക്കണം. കോടതി നടപടികളിലെ സാങ്കേതികതയിൽ പിടിച്ച് അഴിമതിക്കറയിൽ നിന്ന് രക്ഷപ്പെടാൻ ഫൈസലിനും പാർട്ടിക്കും സാധ്യമല്ലെന്നും വഞ്ചിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നീതി ലഭ്യമാക്കുക എന്നുള്ളതാണ് ഏക പരിഹാരമെന്നും അതിന് ലക്ഷദ്വീപ് ഭരണകൂടം നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങളെ എതിർക്കുന്നതിനും വിമർശിക്കുന്നതിനും പകരം ദ്വീപ് ജനതയുടെ ഏക പ്രതിനിധിയായ ലക്ഷദ്വീപ് എംപിയെ വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ കൊണ്ട് അപകീർത്തിപ്പെടുത്താനുള്ള എൻ.സി.പി എസ് ശ്രമങ്ങളെ പ്രബുദ്ധരായ ലക്ഷദ്വീപ് ജനത തള്ളിക്കളയുമെന്ന് ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എം.അലി അക്ബർ പറഞ്ഞു.
