കവരത്തി: ദീർഘകാലമായി പലവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഭിന്നശേഷി സംഘടനയായ എൽ.ഡി.ഡബ്ല്യു.എ നടത്തി വരുന്ന സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ കപ്പൽ ടിക്കറ്റുകളിൽ ഭിന്നശേഷി സംവരണം വേണമെന്ന ഡിമാന്റ് അംഗീകരിച്ച് ലക്ഷദ്വീപ് ഭരണകൂടം. തുറമുഖ വകുപ്പ് ഡയറക്ടർ ഡോ.ആർ ഗിരി ശങ്കർ ഐ.എ.എസാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. എം.വി കവരത്തി കപ്പലിൽ 2 ഫസ്റ്റ് ക്ലാസ്, 4 സെക്കന്റ് ക്ലാസ്, 4 ബങ്ക് ടിക്കറ്റുകൾ ഇനി മുതൽ ഭിന്നശേഷി വിഭാഗത്തിനായി സംവരണം ചെയ്യും. കോറൽസ്/ ലഗൂൺസ് കപ്പലുകളിൽ 2 ഫസ്റ്റ് ക്ലാസ്, 4 സെക്കന്റ് ക്ലാസ്, 2 ബങ്ക് ടിക്കറ്റുകൾ, അറേബ്യൻ സീ/ലക്ഷദ്വീപ് സീ കപ്പലുകളിൽ 4 സെക്കന്റ് ക്ലാസ്, 2 ബങ്ക് ടിക്കറ്റുകൾ എന്നിങ്ങനെയാണ് ഭിന്നശേഷിക്കാർക്കായി സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്. 40% കൂടുതൽ ഭിന്നശേഷിയുള്ളവർക്കാവും ഈ ആനുകൂല്യം ലഭിക്കുക. എല്ലാ ദ്വീപിലെയും ഈസ്റ്റേൺ ജെട്ടി, വെസ്റ്റേൺ ജെട്ടി, ഹെലിപാഡ് എന്നിവിടങ്ങളിൽ രണ്ടു വീതം വീൽ ചെയറുകൾ കൂടി സജ്ജമാക്കണം എന്നും ഉത്തരവിൽ പറയുന്നു.
എന്നാൽ ഉത്തരവിന് തൊട്ടു പിന്നാലെ പുറപ്പെട്ട കപ്പലിൽ ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന കുട്ടിക്ക് നൽകിയ സീറ്റിൽ മറ്റാരോ കയറി കിടന്നതായി കുട്ടിയുടെ രക്ഷിതാവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുട്ടിയുടെ കുടുംബം.