
കൊച്ചി: മാസ് മീൻ സംഭരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾകളെ കുറ്റവിമുക്തരാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ മുൻ എം.പിയും കേസിലെ ഒന്നാം പ്രതിയുമായ പി.പി മുഹമ്മദ് ഫൈസൽ എറണാകുളം പ്രസ്സ് ക്ലബിൽ മാധ്യമ പ്രവർത്തകരെ കണ്ടു. “മാസ് സംഭരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങളിൽ ഇന്ത്യയിലെ ഏത് പരമോന്നത അന്വേഷണ ഏജൻസിയുടെ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നതായി പണ്ടു തന്നെ ഞാനും എന്റെ പാർട്ടിയും പറഞ്ഞതാണ്. മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ടതില്ല എന്ന് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ, സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾ പല തവണകളിലായി എന്റെയും എന്റെ ബന്ധുക്കളുടെയും വീടുകളും സ്ഥാപനങ്ങളും റൈഡ് ചെയ്തപ്പോഴും, മണിക്കൂറുകൾ ചോദ്യം ചെയ്തപ്പോഴും പൂർണ്ണമായി സഹകരിച്ചു” -മുഹമ്മദ് ഫൈസൽ പറഞ്ഞു. ജനങ്ങളുടെ പക്ഷത്ത് ചേർന്നു നിന്നതിന്റെ പേരിൽ തനിക്ക് വ്യക്തിപരമായി വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നപ്പോഴും, കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തന്നെ സമൂഹമധ്യത്തിൽ കുറ്റവാളിയാക്കി ചിത്രീകരിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ നടന്നപ്പോഴും തന്നെ വിശ്വസിച്ച് കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ് വലിയ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന ഈ കാലത്ത് പാർലമെന്റിന് അകത്തോ പുറത്തോ ആയി ജനങ്ങളുടെ പ്രശ്നങ്ങളിൾ പ്രതികരിക്കാൻ നിലവിലെ ലക്ഷദ്വീപ് എം.പി അഡ്വ ഹംദുള്ളാ സഈദ് തയ്യാറാവുന്നില്ല എന്ന് മുഹമ്മദ് ഫൈസൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങളിൾ പ്രതികരിക്കാൻ ഹംദുള്ളാ സഈദ് ആരെയാണ് ഭയപ്പെടുന്നത് എന്ന് ചോദിച്ച അദ്ദേഹം, എം.പി എന്ന നിലയിൽ ഹംദുള്ളാ സഈദ് മുൻകൈയ്യെടുത്ത് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തയ്യാറായാൽ താനും തന്റെ പാർട്ടിയും എല്ലാ പിന്തുണയും നൽകി അദ്ദേഹത്തിന് പിന്നിൽ അണിനിരക്കാൻ തയ്യാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷൻ അഡ്വ കോയാ അറഫാ മിറാജ്, വൈസ് പ്രസിഡണ്ട് ആദിൽ തൗസീഫ്, മീഡിയാ വിഭാഗം തലവൻ ഷഹസാദ് കൽപ്പേനി, പാർട്ടിയുടെ മൈൻലാഡ് ഘടകം അധ്യക്ഷൻ എ.ബി ഫസൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
