കവരത്തി: മാസ് കയറ്റുമതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി കണ്ടെത്താൻ സാധിച്ചിട്ടില്ലാത്തതിനാൽ, കേസ് അവസാനിപ്പിക്കണം എന്ന് കാണിച്ച് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച കവരത്തിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
2016-2017 കാലഘട്ടത്തിലാണ് ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ മുഖേന മാസ് സംഭരിച്ച് ശ്രീലങ്കയിലെ കൊളംബോ മാർക്കറ്റിൽ നേരിട്ട് എത്തിക്കാനുള്ള നീക്കം നടത്തിയത്. ഇടനിലക്കാരെ ഒഴിവാക്കി മാസിന് കമ്പോളം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡെൽഹിയിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണർ മുഖാന്തരം കൊളംബോ മാർക്കറ്റിലെ ബയറെ കണ്ടെത്തിയത്. കൊളംബോ കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്.ആർ.ടി ജനറൽ മർച്ചന്റ്സ് ഇംപോർട്ടേഴ്സ് എന്ന കമ്പനിയാണ് മാസ് വാങ്ങാൻ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത്. ലക്ഷദ്വീപിലെ മാസിന് ഉയർന്ന വില നൽകാൻ തങ്ങൾ തയ്യാറാണ് എന്നും, എന്നാൽ ലക്ഷദ്വീപിൽ നിന്നും ഫെഡറേഷൻ മുഖേനയല്ലാതെ മറ്റു രീതികളിൽ മാസ് മീൻ കൊളംബോയിൽ എത്തുകയില്ല എന്ന് ഫെഡറേഷൻ ഉറപ്പു നൽകണം എന്നും എസ്.ആർ.ടി എന്ന കമ്പനി ആവശ്യപ്പെട്ടു. ഈ ആവശ്യം ഫെഡറേഷൻ അംഗീകരിച്ചതോടെയാണ് ലക്ഷദ്വീപിൽ ആദ്യമായി മാസ് മീനിന് നല്ല വില നൽകി ഫെഡറേഷൻ സംഭരണം നടത്താൻ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ അഗത്തിയിൽ നിന്നും എടുത്ത പത്ത് മെട്രിക് ടൺ മാസ് മീനിന് എസ്.ആർ.ടി കമ്പനിയും ലക്ഷദ്വീപ് മാർക്കറ്റിംഗ് ഫെഡറേഷനും ഉറപ്പു നൽകിയ തുക വിതരണം ചെയ്യാനും സാധിച്ചു. പിന്നീടാണ് ഫെഡറേഷൻ മുഖേനയല്ലാതെ തൂത്തുക്കുടി വഴി ലക്ഷദ്വീപിലെ മാസ് മീൻ കൊളംബോയിൽ എത്തുന്നതായി ബയറുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെയാണ് മാസ് മീനിന് വിപണി കണ്ടത്തിയ ഫെഡറേഷന്റെ ചരിത്രപരമായ നീക്കം പാതി വഴിയിൽ മുടങ്ങിയത്.
അഴിമതി ആരോപിച്ച് കോൺഗ്രസ് നേതാവ് എം.പി.സി ഉൾപ്പെടെയുള്ളവർ നൽകിയ പരാതികൾ പരിഗണിച്ചാണ് മാസ് സംഭരണത്തിലെ അഴിമതി അന്വേഷിക്കാനായി സി.ബി.ഐ കേസെടുത്തത്. ന്യൂഡൽഹിയിലെ സി.ബി.ഐ (എസ്.സി-||) ആർ.സി.0502022.എ.008 എന്ന എഫ്.ഐ.ആർ നമ്പറിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുൻ എം.പി പി.പി മുഹമ്മദ് ഫൈസൽ ഒന്നാം പ്രതിയായും, ഫൈസലിന്റെ ബന്ധു മുഹമ്മദ് അബ്ദുൽ റാസിഖ് തങ്ങൾ രണ്ടാം പ്രതിയായും, കൊളംബോയിലെ എം.എസ്.സി/ എസ്.ആർ.ടി ജനറൽ മർച്ചന്റ്സ് ഇംപോർട്ടേഴ്സ് എന്ന കമ്പനിയെ മൂന്നാം പ്രതിയാക്കിയും, മുൻ മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.എം.പി അൻവറിനെ നാലാം പ്രതിയായും ചേർത്താണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസ് വിശദമായി അന്വേഷിച്ച ശേഷമാണ് ഇപ്പോൾ സി.ബി.ഐ കവരത്തിയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എഫ്.ഐ.ആറിലെ നാല് പ്രതികളെയും കുറ്റവിമുക്തമാക്കി കൊണ്ടാണ് കുറ്റപത്രം. മാസ് സംഭരണം വഴി സർക്കാർ ഖജനാവിന് ഒൻപത് കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നായിരുന്നു ആരോപിച്ചിരുന്നത്. എന്നാൽ മാസ് മീൻ സംഭരണം വഴി സർക്കാരിന് നഷ്ടം സംഭവിച്ചതായി കണ്ടെത്താനായില്ല എന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റാരോപിതരായ നാലു പേർക്കെതിരെയും തെളിവുകൾ ഒന്നും കണ്ടെത്താനാവാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാൻ അനുമതി നൽകണം എന്ന് കുറ്റപത്രത്തിൽ സി.ബി.ഐ ആവശ്യപ്പെട്ടു. സി.ബി.ഐ കേസെടുത്തതിന് പിന്നാലെയാണ് ഈ വിഷയത്തിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ എന്ന പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഫൈസലിനും മറ്റുമെതിരെ നടപടികൾ ആരംഭിച്ചത്. സി.ബി.ഐ കേസ് അവസാനിപ്പിക്കുന്നതോടെ ഇ.ഡി കേസും സ്വാഭാവികമായി അസാധുവാകും എന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.