തിണ്ണകര: തിണ്ണകര ടെന്റ് സിറ്റി പദ്ധതി പ്രദേശത്ത് കൊടി നാട്ടി കോൺഗ്രസ് പ്രവർത്തകർ. അഗത്തി ബ്ലോക്ക് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ശ്രീ.ആലിക്കോയയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ ടെന്റ് സിറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശത്ത് പാർട്ടിയുടെ കൊടി നാട്ടിയത്. ലക്ഷദ്വീപിന്റെ മനോഹാരിതയെ ചൂഷണം ചെയ്യാനായി ഒരു കോർപ്പറേറ്റിനെയും അനുവദിക്കില്ല എന്ന് നേതാക്കൾ പറഞ്ഞു.
പെർമനന്റ് നിർമ്മിതികളുണ്ടാക്കി തീരദേശ സംരക്ഷണ നിയമമായ സി.ആർ.സെറ്റ് നിയമങ്ങൾ അട്ടിമറിച്ചു കൊണ്ടാണ് ഭീമൻ കോർപ്പറേറ്റുകൾക്ക് വേണ്ടി ഈ പദ്ധതി നടപ്പാക്കുന്നത്. ദ്വീപുകാരെ പാടെ അവഗണിച്ചു കൊണ്ട് കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമായി നടത്തുന്ന ഈ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ തുടരും. നിയമവിരുദ്ധമായി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് എതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടും എന്നും നേതാക്കൾ അറിയിച്ചു.