Image: dizcoverpraveg.com

അഗത്തി: ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവേഗിന്റെ നേതൃത്വത്തിൽ തിണ്ണകരയിൽ നടന്നു വരുന്ന ടെന്റ് സിറ്റി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കണമെന്ന് കാണിച്ച് അഗത്തി ഡെപ്യൂട്ടി കളക്ടർ ഡോ.രാഹുൽ റാത്തോഡ് ഡാനിക്സ് കത്തയച്ചു. കഴിഞ്ഞ മാസം 20-ന് അമിനി സബ് കോടതി ഇതുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് ക്വോ തുടരണം എന്ന് ഉത്തരവിട്ടിരുന്നു. ഇതിന് ശേഷവും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെതിരെ പരാതികൾ ഉയർന്നിരുന്നു. തിണ്ണകരയിലെ തർക്കത്തിലിരിക്കുന്ന ഭൂമിയിൽ ഇരു വിഭാഗവും ഒരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുത് എന്നാണ് അമിനി സബ് കോടതി ഉത്തരവിട്ടത്.

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ റവന്യൂ അധികൃതർ ഡിസംബർ 24-ന് പദ്ധതി പ്രദേശത്ത് നേരിട്ടെത്തി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കണമെന്ന് വാക്കാൽ ആവശ്യപ്പെട്ടിരുന്നു. ഭൂ ഉടമസ്ഥരുമായി തർക്കത്തിലിരിക്കുന്ന പ്രദേശങ്ങൾ അളക്കുകയും അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പുറമേയാണ് പ്രസ്തുത ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കണമെന്ന് ഔദ്യോഗികമായി രേഖാമൂലം ഡെപ്യൂട്ടി കളക്ടർ അറിയിച്ചിരിക്കുന്നത്. കോടതിയിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് തുടർന്നുള്ള നിർദ്ദേശങ്ങൾ വരുന്നത് വരെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തി വെക്കണമെന്നാണ് അഗത്തി ഡെപ്യൂട്ടി കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here