കവരത്തി: ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ കപ്പൽ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റായ ലാക് പോർട്ട് ഇന്നലെ വൈകീട്ട് 4.30 മുതൽ പ്രവർത്തനരഹിതമാണ്. സൈറ്റ് ഓപ്പൺ ആവുന്നുണ്ടെങ്കിലും ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല. ഇ മൈൽ ഐ.ഡിയും പാസ്‌വേഡും അടിച്ച് ഒ.ടി.പിക്കായി ശ്രമിക്കുമ്പോൾ ഒ.ടി.പി വരുന്നുണ്ടെങ്കിലും ഒ.ടി.പി അടിക്കേണ്ട പേജ് ഓപ്പൺ ആവുന്നില്ല. “ഒരുപാട് കണക്ഷനുകൾ ശ്രമിക്കുന്നതിനാൽ സേവനങ്ങളെ ബാധിച്ചിരിക്കുന്നു, ക്ഷമയോടെ തുടരുക” എന്ന കമാൻഡാണ് ലഭിക്കുന്നത്.
അതേസമയം ടിക്കറ്റ് ലഭ്യത പരിശോധിക്കുമ്പോൾ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ വരുന്നതും ആരോ അത് എടുക്കുന്നതുമായി കാണുന്നു. ‘ബ്ലോട്ട് വെയറുകൾ’ വ്യാപകമായി കയറ്റി വിട്ടു കൊണ്ട് ആരോ വെബ്സൈറ്റിന്റെ ട്രാഫിക് അനിയന്ത്രിതമായ രീതിയിൽ വർധിപ്പിക്കുന്നുണ്ട്. ലാക് പോർട്ട് വെബ്സൈറ്റിൽ ഇത്തരം സൈബർ അറ്റാക്കുകൾ നിരന്തരമായി നടക്കുന്നുണ്ടെങ്കിലും ആവശ്യമായ നടപടികൾ എടുക്കാൻ അധികൃതർ തയ്യാറാവാത്തത് മൂലം ഇത് തുടർക്കഥയാവുകയാണ്. സാധാരണക്കാരായ ജനങ്ങൾക്ക് ഓൺലൈൻ ടിക്കറ്റ് എടുക്കുക എന്നുള്ളത് തികച്ചും അസാധ്യമായ കാര്യമാവുമ്പോഴും വെബ്സൈറ്റ് അറ്റാക്ക് ചെയ്യുന്നവരെ പിടികൂടാനോ, വെബ്സൈറ്റിന് ആവശ്യമായ സുരക്ഷയൊരുക്കാനോ ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ല.