കൊച്ചി: കൽപ്പേനി ബ്രേക്ക് വാട്ടറിന്റെ ശോചനീയാവസ്ഥയിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ഡോ. മുഹമ്മദ് സ്വാദിഖ് നൽകിയ പൊതുതാൽപര്യ ഹർജിയിൽ സുപ്രധാന ഉത്തരവുമായി കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസ് നിഥിൻ ജാംഥാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി നിർദേശത്തെ തുടർന്ന് ഡോ മുഹമ്മദ് സ്വാദിഖിന്റെ സാന്നിധ്യത്തിൽ ബ്രേക്ക് വാട്ടറിന്റെ നിലവിലെ സ്ഥിതി വിശദമായി പരിശോധിച്ചിരുന്നു. പരിശോധനാ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്.
- സാധ്യമാണെങ്കിൽ ബ്രേക്ക് വാട്ടർ തെക്ക് ഭാഗത്തായി നീളം കൂട്ടുകയും സുരക്ഷക്കായി അഗ്രഭാഗം വൃത്താകൃതിയിലാക്കുകയും വേണം.
- ബ്രേക്ക് വാട്ടറിന്റെ മുകൾ ഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്ത് ശാക്തീകരിക്കുക.
- ബ്രേക്ക് വാട്ടറിന്റെ കിഴക്കു ഭാഗത്തായി തിരമാലകളെ വഴിതിരിച്ചു വിടാനായി ഒരു സുരക്ഷാ മതിൽ നിർമ്മിക്കുക.
- ബ്രേക്ക് വാട്ടറിൽ നിന്നും തെറിച്ചു പോയ കല്ലുകൾ, ടെട്രാപോഡുകൾ തുടങ്ങിയവ ഏറ്റവും സാധ്യമായ രൂപത്തിൽ പുനഃസ്ഥാപിക്കുക.
ഇത്രയും കാര്യങ്ങളാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കൂടാതെ വകുപ്പുകൾ തമ്മിലുള്ള ഏകോപനം കൃത്യമായി ഉണ്ടാവണം എന്നും, ഏകോപനം ഇല്ലാത്തത് കൊണ്ട് ബ്രേക്ക് വാട്ടറിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന് കാലതാമസം ഉണ്ടാവരുത് എന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. കേസ് വീണ്ടും അടുത്ത മാസം 11-ന് പരിഗണിക്കും.